കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിൽ അക്രമ പരമ്പര സൃഷ്‌ടിച്ചവരെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അ‌ഞ്ചുവർഷം മുമ്പ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയ 21 പേരിൽ ഒരു വിഭാഗമാണ് നിരന്തരം അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പുറത്താക്കപ്പെട്ടവരിൽ ഒരു വിഭാഗം തിരികെ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ പ്രകോപിതരായ മറുപക്ഷം ഔദ്യോഗിക സംഘടനയുടെ പേരിൽ ലെറ്റർഹെഡ് ഉപയോഗിച്ച് വ്യാജ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇതിനെതിരെ ഔദ്യോഗിക വിഭാഗം കോടതി വഴി നിരോധന ഉത്തരവ് സമ്പാദിച്ച ശേഷവും ഇവർ ഓഫീസ് ആക്രമിച്ച് പൂട്ടുകൾ തകർത്ത് ഉള്ളിൽ പ്രവേശിച്ച് നാശനഷ്‌ടം വരുത്തി. കോടതി വിധി ധിക്കരിച്ച് അതിക്രമം തുടർന്നതിനാൽ ഓഫീസ് കൂടുതൽ ബലപ്പെടുത്താൻ മൂന്ന് സ്‌റ്റീൽ ഡോറുകൾ സ്ഥാപിച്ചെങ്കിലും ഏറ്റവും ഒടുവിലായി ഏപ്രിൽ 4ന് ഈ ഡോറുകൾ തകർക്കാൻ ശ്രമിച്ചത് വിഫലമായപ്പോൾ ഭിത്തി പൊളിച്ചുനീക്കാൻ ശ്രമിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. തുടർന്ന് ഓഫീസിൽ അതിക്രമിച്ച് കയറി യോഗം ചേർന്നതായും വരുത്തിത്തീർത്തു.

കോടതി നിരോധന ഉത്തരവ് നിലനിൽക്കുമ്പോൾ നടത്തിയ അക്രമപ്രവർത്തനങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്‌തത് ഭരണകക്ഷിയുടെ രാഷ്‌ട്രീയ സംരക്ഷണമുള്ളതിനാലാണെന്ന് ജില്ലാ പ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി എസ്.ദിലീപ്കുമാർ, ട്രഷറർ സുരേഷ് കാഞ്ചനം, സംസ്ഥാന സെക്രട്ടറി സുനിൽദത്ത് എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആരോപിച്ചു.