കൊല്ലം: കൊല്ലം പോർട്ടിലെത്തിച്ച എയർഫോഴ്സിന്റെ പ്രതിരോധ സാമഗ്രികൾ ലക്ഷദ്വീപിലെ കവരത്തിയിലേക്ക് കൊണ്ടുപോകാനുള്ള ബാർജും ടഗും കൊല്ലം പുറം കടലിൽ എത്തി. ഇന്ന് പുലർച്ചെ കൊല്ലം പോർട്ടിൽ ബാർജ് അടുപ്പിച്ച് സാധനങ്ങൾ കയറ്റിത്തുടങ്ങും. നാളെ രാവിലെ കവരത്തിയിലേക്ക് പുറപ്പെട്ടേക്കും.
ചൊവ്വാഴ്ച രാവിലെയാണ് ലക്ഷദ്വീപിലെ കവരത്തിയിലേക്കുള്ള എയർഫോഴ്സിന്റെ പ്രതിരോധ സാമഗ്രികൾ കൊല്ലം പോർട്ടിൽ എത്തിച്ചത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളവയായതിനാൽ കണ്ടെയ്നറുകളിലും പാക്കേജുകളിലും ഉള്ളതെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സാമഗ്രികൾ കൊണ്ടുപോകാനായി മുംബെയിൽ നിന്നും സീ വാരിയർ എന്ന ബാർജും ഇത് വലിച്ചുകൊണ്ടുപോകാനായി ഓഷ്യൻ സിയാച്ചൽ എന്ന കൂറ്റൻ ടഗുമാണ് പുറം കടലിൽ എത്തിയിട്ടുള്ളത്.
ട്രക്കുകൾ അതുപോലെ ബാർജിൽ കൊണ്ടുപോകും. പാക്കേജുകളും കണ്ടെയ്നറുകളും വെൽഡ് ചെയ്തു ബാർജിൽ ഉറപ്പിച്ച് ഷീറ്റ് കൊണ്ട് മൂടിയാകും കവരത്തിയിലേക്ക് കൊണ്ടുപോവുക. കവരത്തിയിൽ ബാർജിൽ നിന്ന് സാമഗ്രികൾ ഇറക്കാനായി 150 ടൺ ഭാരദ്വഹന ശേഷിയുള്ള ക്രെയിനും ബാർജിൽ കൊണ്ടുപോകും.
ചുമതല പാക്സ് ഷിപ്പിംഗ് കമ്പനിക്ക്
മുംബയിൽ നിന്ന് ഐ.എസ്.ആർ.ഒയുടെ കൂറ്റൻ ഉപകരണങ്ങൾ കൊല്ലത്ത് എത്തിച്ച കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് കമ്പനിക്കാണ് കവരത്തിയിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ക്ലിയറിംഗ് ലോജിസ്റ്റിക്സ് ചുമതലകൾ.
കൊണ്ടുപോകുന്നത്
ഡിഫൻസ് ട്രക്കുകൾ - 08
കണ്ടെയ്നറുകൾ - 05
നിരവധി പാക്കേജുകൾ