കൊല്ലം: വേനലവധിക്കാലത്ത് കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചരിക്കുന്ന ലൈബ്രറിയുമായി പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂളിന്റെ പുസ്തകവണ്ടി ഈ വർഷവും കുട്ടികൾക്കരികിലേക്ക്. പുസ്തക വണ്ടിയുടെ ഫ്ളാഗ് ഓഫ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഷൺമുഖദാസ് നിർവഹിച്ചു.
പുന്തലത്താഴം വൈ.എം.വി.എ ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ പുസ്തകവണ്ടിക്ക് സ്വീകരണം നൽകി. ഒന്ന്, രണ്ട് ക്ലാസുകളിലെ കുഞ്ഞു കൂട്ടുകാർക്കായി മലയാള മധുരംപദ്ധതി കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ കുട്ടികൾക്ക് കഥാപുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കുള്ള അവധിക്കാലകായിക പരിശീലനം വടക്കേവിള ഡിവിഷൻ കൗൺസിലർ എസ്.ശ്രീദേവിയമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷൈലാൽ അദ്ധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് പി.എൽ.ജ്യോതി, സ്റ്റാഫ് സെക്രട്ടറി ബി.നജു, പി.ടി.എ എക്സിക്യൂട്ടിവ് അംഗം സുന്ദരേശൻ പിള്ള എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക എസ്.ലളിതാഭായി സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ആർ.മിനിമോൾ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ അദ്ധ്യാപകർ, ജീവനക്കാർ, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.