ബോധപൂർവമെന്ന് യു.ഡി.എഫ് പരാതി
കൊല്ലം: എൺപത്തിയഞ്ച് വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വോട്ട് രേഖപ്പെടുത്താൻ നൽകുന്ന ബാലറ്റ് പേപ്പറിൽ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ചിഹ്നമായ മൺവെട്ടിയും മൺകോരികയും തെളിച്ചമില്ലാതെയാണ് അച്ചടിച്ചിരിക്കുന്നതെന്ന പരാതിയുമായി യു.ഡി.എഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് എ.എ.അസീസ് ഇലക്ഷൻ കമ്മിഷനും സംസ്ഥാന ചിഫ് ഇലക്ട്രൽ ഓഫീസർക്കും നിരീക്ഷകനും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ചിഹ്നം തെളിയാത്ത ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചുള്ള വോട്ടിംഗ് നിറുത്തിവയ്ക്കണമെന്നും തെളിച്ചമുള്ള ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടുകളിൽ എത്തിയുള്ള വോട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ ചിലർ പ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ജോലികൾക്കും ബാലറ്റ് അച്ചടിക്കുമായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഭരണാനുകൂല സംഘടനയുടെ നേതാക്കളും പ്രവർത്തകരുമാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ഒട്ടിക്കുന്ന മൺവെട്ടിയും മൺകോരിയുംചിഹ്നവും അവ്യക്തവും തെളിച്ചമില്ലാത്തതുമായാൽ വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകും. പോളിംഗിനായി കൂടുതൽ സമയം വേണ്ടിവരുമെന്നും പരാതിയിൽ പറയുന്നു.