കൊല്ലം: ബി.എസ്.എൻ.എൽ 4 ജി സേവനം ആരംഭിക്കാനുള്ള കാലതാമസം മൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് സ്വകാര്യ കമ്പനികളിൽ ചേരുന്നത്. കേന്ദ്ര സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ ബി.എസ്.എൻ.എല്ലിനെ അനുവദിക്കണമെന്ന് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം യൂണിയൻ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ.മഹേശൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രമണൻ, ജില്ലാ അസി. സെക്രട്ടറി പി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി.അഭിലാഷ് സ്വാഗതവും ജില്ലാ ട്രഷറർ സി.ലാലു നന്ദിയും പറഞ്ഞു.