shinu
ഷിനു പീറ്റർ

കൊല്ലം: മുൻ വൈരാഗ്യത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. തേവലക്കര അരിനല്ലൂർ തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (29), തേവലക്കര അരിനല്ലൂർ തുണ്ടിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമൽ ജോസ് (21),തേവലക്കര അരിനല്ലൂർ കാരംകോട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ പ്രിൻസ് സ്റ്റാലിൻ (33) എന്നിവരാണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. അരിനല്ലൂർ എഴുത്തിൽ പടിഞ്ഞാറ്റതിൽ അനന്തുവിനെയാണ് പ്രതികൾ അടങ്ങിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8:30ന് ആയിരുന്നു സംഭവം. അരീക്കാവ് ക്ഷേത്രത്തിലെ ഉത്സവകെട്ടുകാഴ്ച കണ്ടുകൊണ്ട് വായനശാലയ്ക്ക് സമീപത്ത് നിൽക്കുകയായിരുന്ന അനന്തുവിനെ ഷിനു പീറ്ററിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം തടഞ്ഞ് വച്ച് മർദ്ദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിന് നേരെയുള്ള വെട്ട് കൈവച്ച് തടഞ്ഞതിൽ ഇടത് കൈക്ക് ആഴത്തിൽ മുറിവേറ്റ് 22 തുന്നൽ ഇടേണ്ടി വന്നു. അക്രമം തടയാൻ ശ്രമിച്ച അനന്തുവിന്റെ അനുജനെയും സംഘം മർദ്ദിച്ചു. തുടർന്ന് അനന്തുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടി കൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ എല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഷിനു പീറ്റർ മുൻ വർഷങ്ങളിൽ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളാണ്. ചവറ തെക്കുംഭാഗം ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ അനീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.