prakkulam-

കൊല്ലം: പ്രാക്കുളം ഗവ.എൽ.പി സ്കൂളിൽ അവധിക്കാല വായനോത്സവത്തിന് തുടക്കമായി. കുട്ടികളുടെ ഭാഷാശേഷിയും വായനാശീലവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനോത്സവം സംഘടിപ്പിച്ചത്. വായനോത്സവത്തിന്റെ ഭാഗമായി പാവകളിയുടെ അവതരണം നടന്നു. പാവകളി അവതരണത്തിനും കഥ പറച്ചിലിനും പാവകളി ശിൽപ്പശാലയ്ക്കും കൃഷ്ണകുമാർ കിഴിശ്ശേരി നേതൃത്വം നൽകി. റഫീഖ് അഹമ്മദിന്റെ തോരാമഴ എന്ന കവിത പാവകളിയിലൂടെ അവതരിപ്പിച്ചു. പേപ്പറും പേപ്പർ കപ്പുകളുപയോഗിച്ചും വ്യത്യസ്ത പാവ ഇനങ്ങൾ ശിൽപ്പശാലയിൽ നിർമ്മിച്ചു.തൃക്കരുവ ഗ്രാമ പഞ്ചായത്ത് അഗം ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, ആർ.പി.പണിക്കർ, ജോർജ് മാത്യു, സ്കൂൾ ഹെഡ്‍മാസ്റ്റർ എസ്.കണ്ണൻ, അദ്ധ്യാപകരായ ജെ.മിനി, നദീറാ ബീഗം, എ.ഷെമി എന്നിവർ സംസാരിച്ചു.