
ഓച്ചിറ: സൈക്കിൾ യാത്രക്കാരനായ മത്സ്യത്തൊഴിലാളി കാർ തട്ടി നിര്യാതനായി. ക്ലാപ്പന തെക്ക് ശാലിനി ഭവനത്തിൽ നാരായണനാണ് (70) മരിച്ചത്. മത്സ്യവ്യാപാരത്തിന് ശേഷം സൈക്കിളിൽ വാടക വീട്ടിൽ നിന്ന് അടുത്ത ജംഗ്ഷനിലേക്ക് പോവുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് ക്ലാപ്പന സെന്റ് ജോസഫ് സ്കൂളിന് സമീപത്തായിരുന്നു അപകടം. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം ക്ലാപ്പന കൃഷ്ണ കൃപയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: ശ്യാമള. മക്കൾ: ശാലിനി, ശ്യാം കുമാർ. മരുമക്കൾ: സുരേഷ്, രഞ്ജിനി.