ദിവസം 15000 രൂപ വരുമാനം
സ്പീഡ് ബോട്ട് 1 മണിക്കൂർ 1000 രൂപ
കരുനാഗപ്പള്ളി: കന്നേറ്റി ശ്രീനാരായണ ഗുരു പവലിയനിൽ പ്രവർത്തിക്കുന്ന ബോട്ടിംഗ് ടെർമിലിനെ ഡി.ടി.പി.സി അവഗണിക്കുന്നതായി പരാതി. ആറ് വർഷം മുമ്പാണ് വിനോദ സഞ്ചാരത്തിനായി കന്നേറ്റിയിൽ ബോട്ടിംഗ് ടെർമിനൽ പ്രവർത്തനം ആരംഭിച്ചത്. 10 പേർക്ക് യാത്ര ചെയ്യാമായിരുന്ന ഒരു ഹൗസ് ബോട്ടും 6 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ഒരു സ്പീഡ് ബോട്ടുമാണ് ഉണ്ടായിരുന്നത്. തുടക്കത്തിൽ വിദേശീയരും സ്വദേശികളുമായ നിരവധി സഞ്ചാരികൾ കന്നേറ്റി ബോട്ട് ടെർമിനലിനെ തേടിയെത്തി. അന്ന് ഒരു ദിവസം 15000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ഇടക്കനാൽ ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ളതിനാൽ നിരവധി വിനോദ സഞ്ചാരികൾ യാത്രക്കായി ഇവിടെ എത്തിയിരുന്നു. കന്നേറ്റി, കൊതിമുക്ക് വട്ടക്കായൽ, ആലുംകടവ് ഗ്രീൻചാനൽ, വള്ളിക്കാവ് അമൃതപുരി, അഴീക്കൽ ബീച്ച് മാലുമേൽക്കടവ്, ചാമ്പക്കട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകളാണ് ഉണ്ടായിരുന്നത്. ഹൗസ് ബോട്ടിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത്. രാവിലെ 11ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണി വരെ നീണ്ട് നിൽക്കുമായിരുന്നു. ആഹാരം ഉൾപ്പെടെ 15000 രൂപയാണ് വാങ്ങിയിരുന്നത്.
കൊവിഡിന് ശേഷം വറുതിയിൽ
കന്നേറ്റി ബോട്ടിംഗ് ടെർമിനൽ പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറിയപ്പോഴാണ് കൊവിഡ് മഹാമാരി പിടുത്തമിട്ടത്. ഇതോടെ കന്നേറ്റി വിനോദ സഞ്ചാര കേന്ദ്രം വറുതിയുടെ പിടിയിലായി. ഇവിടെ ഉണ്ടായിരുന്ന ബോട്ടുകൾ ഡി.ടി.പി.സി തിരികെ കൊണ്ട് പോയി. കൊവിഡിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർവാവസ്ഥയിൽ എത്തിയെങ്കിലും കന്നേറ്റി ബോട്ടിംഗ് ടെർമിലിനെ അധികൃതർ അവഗണിക്കുകയായിരുന്നു. കൊവിഡ് സമയത്ത് ഇവിടെ നിന്നും കൊണ്ട് പോയ ഹൗസ് ബോട്ട് ഇനിയും തിരികെ എത്തിച്ചിട്ടില്ല.
പുതിയ ഹൗസ് ബോട്ട് വേണം
6 പേർക്ക് യാത്ര ചെയ്യാവുന്ന സ്പീഡ് ബോട്ട് മാത്രമാണ് നിലവിൽ ഉള്ളത്. ഒരു മണിക്കൂർ നേരം കായൽ യാത്ര നടത്തുന്നതിന് 1000 രൂപയാണ് ഈടാക്കുന്നത്. വൈകിട്ട് കൊതിമുക്ക് വട്ടക്കായലിൽ പോയി സൂര്യാസ്തമനം കാണുന്നതിന് 1200 രൂപയാണ് വാങ്ങുന്നത്. ഇപ്പോൾ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്ക് സ്പീഡ് ബോട്ട് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. മാതാ അമൃതാനന്ദമയി മഠത്തിലെ വിദേശീയരാണ് വിനോദസഞ്ചാരത്തിനായി ഏറെയും എത്തുന്നത്. പുതിയ ഹൗസ് ബോട്ട് ലഭിക്കുകയും ടെർമിനലിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്താൽ കന്നേറ്റി ബോട്ടിംഗ് ടെർമിനൽ കൊല്ലത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയും.