കൊല്ലം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്ത എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് റാലി കേരളപുരത്തെ ഇളക്കിമറിച്ചു. കമാൻഡോകളുടെ അകമ്പടിയോടെ രാജ്നാഥ് സിംഗ് കേരളപുരം ജംഗ്ഷനിലെ സമ്മേളനവേദിയിൽ എത്തിയതോടെ ആയിരങ്ങൾ ജയ്..ജയ് രാജ്നാഥ് ജി എന്ന് ആർത്തുവിളിച്ചു.

പരിപാടിക്ക് മണിക്കൂറുകൾ മുൻപ് തന്നെ പ്രവർത്തകർ എത്തിതുടങ്ങി. മൂന്നേമുക്കാലോടെ മന്ത്രിയുടെ 'മാസ് എൻട്രി'. ജയ് വിളികൾക്ക് നടുവിലൂടെ അദ്ദേഹം വേദിയിലേക്ക്..പ്രവർത്തകർക്കു നേരെ കൈകൂപ്പി നന്ദി പ്രകടനം. തുടർന്ന് വേദിയിലിരുന്ന സ്ഥാനാർത്ഥിയോടും കുടുംബത്തോടും കുശലാന്വേഷണം. ശേഷം സ്ഥാനാർത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപാകുമാറും മറ്റു നേതാക്കളും ചേർന്ന് മാല ചാർത്തി മന്ത്രിയാ സ്വീകരിച്ചു. തുടർന്ന് ജി.ക‌ൃഷ്ണകുമാറും ഭാര്യ സിന്ധുകൃഷ്ണയും മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഒരു ചെറുചിരിയോടെ രാജ്നാഥ് സിംഗ് മൈക്കിന് മുന്നിലെത്തി ' പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ' എന്ന് മലയാളത്തിൽ കേട്ടപാടെ പ്രവർത്തകർക്ക് വീണ്ടും ആവേശമായി. ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ്. പ്രശാന്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കേരളത്തിലെ സഹ. മേഖലയിൽ

വൻ അഴിമതി: രാജ്നാഥ് സിംഗ്

കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് വൻ അഴിമതിയാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കേരളപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നു ബി.‌ജെ.പി എം.പിമാർ ഉണ്ടായാൽ സഹകരണ മേഖലയിലെ അഴിമതികൾ പൂർണമായും ഇല്ലാതാക്കും. സഹകരണ ബാങ്കുകളിൽ നടന്ന അഴിമതികൾ അന്വേഷിച്ച് നഷ്ടപ്പെട്ട തുക തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് ലഭ്യമാക്കും. തട്ടിപ്പ് നടത്തിയവർക്ക് തക്കതായ ശിക്ഷ നൽകും. പ്രകടനപത്രികയിൽ പറയുന്നതെല്ലാം പ്രാവർത്തികമാക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അതിനുദാഹരണമാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിച്ചതും. ഇവിടെ പോരടിക്കുന്നവർ ഡൽഹിയിൽ ബന്ധം ഊട്ടി ഉറപ്പിക്കാൻ പരസ്പരം മോതിരം കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.