photo
നെടുവത്തൂർ പഞ്ചായത്തിലെ തേവലപ്പുറം മാമച്ചൻകാവിൽ കുടുംബയോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സംസാരിക്കുന്നു

കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി സി.എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള കുടുംബ യോഗങ്ങളിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സജീവ ഇടപെടൽ. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടാരക്കര മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെ 50 കുടുംബ യോഗങ്ങളിലാണ് മന്ത്രി നേരിട്ട് പങ്കെടുത്തത്. മണ്ഡലം, മേഖല, ബൂത്ത് കൺവെൻഷനുകളും പ്രാദേശിക കൺവെൻഷനുകളും പൂർത്തിയായ ശേഷമാണ് ഒരു പ്രദേശത്തെ കുറച്ച് കുടുംബങ്ങളെ വീതം പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. പരസ്യമായ രാഷ്ട്രീയ പ്രവർത്തനമില്ലാത്ത സാധാരണക്കാരെയാണ് ഇത്തരം യോഗങ്ങളിലേക്ക് വിളിക്കുന്നത്. ഓരോ വീട്ടുമുറ്റങ്ങളിലാണ് വൈകുന്നേരങ്ങളിൽ യോഗം ചേരുക. ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർ‌ത്തനങ്ങളിൽ കുടുംബ യോഗങ്ങൾക്ക് വലിയ പങ്കുണ്ടെങ്കിലും സംസ്ഥാനത്തെ ധനകാര്യ മന്ത്രി നേരിട്ട് പങ്കെടുക്കുന്ന യോഗങ്ങളെന്ന നിലയിൽ പ്രാധാന്യം ഏറുകയാണ്. സാധാരണ പ്രസംഗങ്ങൾക്കും അപ്പുറം കുടുംബ അംഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും പ്രാദേശിക പ്രശ്നങ്ങളും ദേശീയ രാഷ്ട്രീയവുമടക്കം ചർച്ച ചെയ്തുമാണ് മന്ത്രി ഒരു മണിക്കൂർ നേരമെങ്കിലും ഒരു യോഗത്തിൽ ചെലവിടുന്നത്. ഇത് പ്രാദേശികമായി വലിയ ഓളം സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥിയുടെ സ്വീകരണ യോഗങ്ങളിലും മന്ത്രി കെ.എൻ.ബാലഗോപാൽ സജീവമായുണ്ടായിരുന്നുവെങ്കിലും കുടുംബ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് നേതാക്കൾക്കുപോലും ധാരണയുണ്ടായില്ല. മന്ത്രി പങ്കെടുക്കുന്നകാര്യം നേരത്തേ അറിയിക്കുന്നതിനാൽ ഒട്ടുമിക്ക കുടുംബ യോഗങ്ങളിലും പങ്കാളിത്തവും ഏറുന്നു. ചായയോ കട്ടനോ പായസമോ ലഘു ഭക്ഷണമോ ഒക്കെ വിളമ്പാനും അതാത് വീട്ടുകാരും പ്രവർത്തകരും മടിക്കുന്നുമില്ല.

" ക്ഷേമ പെൻഷൻ ലഭിച്ച സന്തോഷത്തോടെയാണ് പലരും വർത്തമാനം പറയുന്നത്. നാടിന്റെ പൊതുവിഷയങ്ങൾ, വികസനം എല്ലാം ചർച്ച ചെയ്യുന്നുണ്ട്. ഇടത് സ്ഥാനാർത്ഥി ജയിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമായും കുടുംബയോഗങ്ങളിൽ ചർച്ച ചെയ്യുന്നത്. പോസിറ്റീവ് ചർച്ചകളാണ് അധികവും ഉണ്ടായത്. ഇനിയും പരമാവധി ആളുകളിലേക്ക് എത്താനാണ് ശ്രമിക്കുന്നത്."- കെ.എൻ.ബാലഗോപാൽ, മന്ത്രി