photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ജംഗ്ഷന് സമീപത്തെ അപകട വളവ്

കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ജംഗ്ഷന് സമീപത്തെ അപകട വളവ് നിവർത്തണമെന്ന് ആവശ്യം. നിരവധി അപകടങ്ങൾ നടന്ന ഇവിടെ റോഡരികിൽ കുറ്റിക്കാട് വളർന്ന് തോട് കാണാനാവാത്ത സ്ഥിതിയാണ്. ഇവിടെ തോട്ടിലെ താഴ്ചയിലേക്ക് ഇനിയും വാഹനങ്ങൾ മറിയാൻ ഇടയുണ്ട്. അത്രത്തോളം അപകട സാഹചര്യമുണ്ടായിട്ടും വളവ് നിവർത്താനോ കൈവരി കെട്ടാനോ പദ്ധതിയുണ്ടാകുന്നില്ല.

പാതിവഴിയിൽ മുടങ്ങി

എപ്പോഴും തിരക്കേറിയ കൊട്ടാരക്കര- കരുനാഗപ്പള്ളി റോഡിന്റെ ഭാഗമാണിത്. കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിരുന്നു. ഈ നിർമ്മാണ ജോലികൾ പാതിവഴിയിൽ മുടങ്ങി. കരാറുകാരെ മാറ്റിയാലോചിച്ചതൊന്നും ഫലവത്തായതുമില്ല. ഇതിനിടയിൽ പുത്തൂർ ടൗണിൽ കാര്യക്ഷമമായി നവീകരണ ജോലികൾ നടത്തി ഉദ്ഘാടനം നടത്തി. ഉദ്ഘാടനം നടന്ന് ഒരു മാസം തികയുംമുൻപ് ആലയ്ക്കൽ ജംഗ്ഷനിൽ പൈപ്പ് പൊട്ടി റോഡ് തകരുകയും ചെയ്തു. പുത്തൂർ മുതൽ കൊട്ടാരക്കരവരെയുള്ള ഭാഗത്ത് നവീകരണ ജോലികൾ പൂർത്തിയായതുമില്ല. ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ കൂട്ടത്തിലെങ്കിലും കോട്ടാത്തല പണയിൽ ഭാഗത്തെ അപകട സാദ്ധ്യത മാറ്റുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ നാളിതുവരെ പ്രയോജനമുണ്ടായില്ല.

തോട് മറഞ്ഞു, അപകടം മുന്നിൽ

റോഡിനോട് ചേർന്നാണ് പണയിൽ- പത്തടി തോട് കടന്നുപോകുന്നത്. ഇവിടെ കൈവരികളില്ല. അതുകൊണ്ടുതന്നെ വശം ചേർന്നുവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. രാത്രി കാലങ്ങളിലാണ് കൂടുതൽ അപകട സാദ്ധ്യത. നിരവധി വാഹനങ്ങൾ ഇവിടെ താഴ്ചയിലേക്ക് മറിഞ്ഞിട്ടുമുണ്ട്. പണയിൽ ജംഗ്ഷനും പണയിൽ ക്ഷേത്രത്തിന്റെ പുതിയ കവാടത്തിനുമിടയിലായിട്ടാണ് അപകട വളവ്. ഇത് നിവർത്താനുള്ള സാഹചര്യം നിലവിലുണ്ട്. തർക്കങ്ങളില്ലാതെ റോഡ് നിവർത്താമെന്നിരിക്കെ അധികൃതർ താത്പര്യമെടുക്കുന്നില്ല.