
കൊട്ടാരക്കര: ഇടത് മുന്നണിയുടെയും കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് മുന്നണി സ്വർണക്കടത്തിന്റെയും കോൺഗ്രസ് സോളാർ അഴിമതിയുടെയും പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇരുകൂട്ടരും കേരളത്തിന്റെ സാമ്പത്തിക അടിത്തറ മാത്രമല്ല, സാംസ്കാരിക രംഗത്തെക്കൂടിയാണ് തകർത്തത്. ദൈവത്തിന്റെ സ്വന്തം നാടിനെ മോചിപ്പിക്കാൻ ഇനി ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് മാത്രമേ കഴിയു. കമ്മ്യൂണിസ്റ്റ് പാർട്ടി കാലഹരണപ്പെട്ടിരിക്കുന്നു. കേരളത്തിൽ തുടങ്ങി കേരളത്തിൽ അവസാനിക്കുന്ന നിലയാണ്. ഒരു തവണ പുറത്തായിടത്തൊന്നും പിന്നെ തല ഉയർത്താൻ കഴിഞ്ഞിട്ടില്ല. ഇത് കേരളത്തിലും സംഭവിക്കും. കേരളത്തെ വൻ സാമ്പത്തിക ശക്തിയായി വളർത്തേണ്ടതുണ്ട്. ആ തിരിച്ചറിവ് പൊതുസമൂഹത്തിനുള്ളതിനാൽ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു രണ്ടക്ക എം.പിമാർ എൻ.ഡി.എയുടെ വകയായി ഉണ്ടാകുമെന്നും മാവേലിക്കര മണ്ഡലത്തിൽ ഏറ്റവും നല്ല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. എൻ.ഡി.എ മാവേലിക്കര മണ്ഡലം ഇൻ ചാർജ്ജ് ഷാജി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബൈജു കലാശാല, പി.കെ.കൃഷ്ണദാസ്, പന്തളം പ്രതാപൻ, എം.വി.ഗോപകുമാർ, രാജി പ്രസാദ്, ശ്യാംരാജ്, ടി.അനിയപ്പൻ, ജ്യോതിഷ്, കെ.എസ്.രാജൻ, സന്തോഷ് ശാന്തി, വയയ്ക്കൽ സോമൻ എന്നിവർ സംസാരിച്ചു.