പുനലൂർ: ഉറുകുന്ന് ജംഗ്ഷനിൽ വച്ച് ഗൃഹനാഥന് സൂര്യാഘാതമേറ്റു. തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ നേതാജി കുഴിവിള വീട്ടിൽ രാജൻ എന്ന മുസ്തഫ(52)ക്കാണ് ശരീരമാകെ പൊള്ളലേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം. വീട്ടു സാധനങ്ങൾ വാങ്ങാൻ പോയ മുസ്തഫയുടെ ഇടത് തോളിലും കഴുത്തിലും നീറ്റലും പുകച്ചിലും അനുഭവപ്പെട്ടു.തുടർന്ന് ഷർട്ട് ഊരി നോക്കിയപ്പോഴാണ് കുമള പോലെ പൊള്ളി ഉയർന്ന നിലയിൽ കണ്ടത്. സംഭവം കണ്ട് ജംഗ്ഷനിൽ നിന്നവർ പ്രാഥമിക ചികിത്സ നൽകിയ ശേഷം മുസ്തഫയെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 36.05 ഡിഗ്രി സെൽഷ്യസ് പകൽ താപനിലയാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു.