കൊല്ലം: ഹൈസ്കൂൾ ജംഗ്ഷനിലെ ഗേൾസ് ഹൈസ്കൂളിന് മുന്നിലെ ബസ്റ്റ് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാരുടെ മനസിൽ ബസ് എപ്പോൾ വരുമെന്നല്ല, മറിച്ച് ബസ് സ്റ്റോപ്പ് 'ഇപ്പോഴെങ്ങാനും തകർന്ന് തലയിൽ വീഴുമോ' എന്ന ആശങ്ക മാത്രമാകും ഉണ്ടാകുക.

കോർപ്പറേഷന്റെ അധീനതയിലുള്ളതാണ് 10 വർഷത്തിലേറെ പഴക്കമുള്ള പൊളിഞ്ഞു വീഴാറായ ബസ് സ്‌റ്റോപ്പ്. മേൽക്കൂരയുടെ ഒരുഭാഗം ഇതിനോടകം തന്നെ തകർന്നു. മഴ പെയ്താൽ മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ ബസ് കാത്ത് നിൽക്കുന്നവർക്ക് ബസ്റ്റോപ്പിനുള്ളിലും കുടപിടിക്കേണ്ട അവസ്ഥയാണുള്ളത്.

രാത്രി വൈകി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളും ട്യൂഷനും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന കുട്ടികളുമാണ് ഇരുട്ടിൽ ഏറെ ബുദ്ധിമുട്ടുന്നത്. ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് ബസ് സ്‌റ്റോപ്പിൽ ആളുണ്ടെന്ന് ബസ് ജീവനക്കാർ മനസിലാക്കുന്നതും ബസ് നിറുത്തി ആളെക്കയറ്റുന്നതും. ബസ് സ്‌റ്റോപ്പ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഇരിപ്പിടങ്ങളില്ല, ലൈറ്റില്ല

സ്ത്രീകളും സ്‌കൂൾ കുട്ടികളും വൃദ്ധരും ഉൾപ്പെടെ നിരവധി പേരെത്തുന്ന ബസ് സ്‌റ്റോപ്പിൽ ഇരിക്കാൻ പാകത്തിലുള്ള ഇരിപ്പിടങ്ങൾ ഇല്ല. ആകെയുള്ളത് രണ്ട് വശങ്ങളിലേക്ക് വീതിയിൽ നീട്ടിയിട്ടിരിക്കുന്ന ഇരുമ്പ് കമ്പി മാത്രമാണ്. ഈ കമ്പിയിലിരിക്കുന്നതിനിടെ പ്രായമായവരുൾപ്പെടെ നിലത്ത് വീണ് പരിക്കേൽക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് യാത്രക്കാർ പറയുന്നു. ബസ് സ്‌റ്റോപ്പിന്റെ കാലുകൾ ഉറപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ വലിയ വാഹനങ്ങൾ ഇടിച്ച് വളഞ്ഞു. സ്‌കൂൾ വളപ്പിൽ നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ഉൾപ്പെടെ ബസ് സ്‌റ്റോപ്പിനുള്ളിലേക്ക് പടർന്ന് പന്തലിച്ചു നിൽകുകയാണ്. ബസ് സ്‌റ്റോപ്പിലേക്ക് കയറുന്ന ഭാഗവും തകർന്നു. ലൈറ്റുകളില്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ ബസ് സ്‌റ്റോപ്പിനുള്ളിൽ കൂരിരുട്ടാണ്.