കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ ചിഹ്നമായ മൺവെട്ടിക്കും മൺകോരിക്കും മറ്റ് സ്ഥാനാർത്ഥികളുടെ ചിഹ്നത്തെക്കാൾ വലിപ്പക്കുറവും തെളിച്ചക്കുറവും സ്ഥിരീകരിച്ചതോടെ കൊല്ലത്തെ എഴ് നിയോജക മണ്ഡലത്തിലും ബാലറ്റ് യൂണിറ്റിന്റെ കമ്മിഷനിംഗ് നിറുത്തിവച്ചു. വലിപ്പക്കുറവും തെളിച്ചക്കുറവും സംഭവച്ചതിന് പിന്നിലെ കാരണം സംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അളവിൽ തന്നെയാണോ പ്രേമചന്ദ്രന്റെ ചിഹ്നം അച്ചടിച്ചതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അളവിലും തെളിച്ചതിലും കുറവ് സംഭവിച്ചത് തിരുവനന്തപുരം സർക്കാർ പ്രസിൽ സംഭവിച്ച പിശകാണോ എന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ വ്യക്തത വന്ന ശേഷമേ ബാലറ്റ് യൂണിറ്റ് കമ്മിഷനിംഗ് പുനരാരംഭിക്കു. യു.ഡി.എഫ് പ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്നാണ് ബാലറ്റ് യൂണിറ്റ് കമ്മിഷനിംഗ് നിറുത്തിവച്ചത്.
കൊല്ലം നിയോജകമണ്ഡലത്തിലെ ബാലറ്റ് സെറ്റിംഗ് സെന്റ് അലോഷ്യസ് സ്‌കൂളിൽ നടക്കുമ്പോഴാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്. പ്രേമചന്ദ്രന്റെ ചിഹ്നത്തിന് തെളിച്ചവും വലിപ്പവും കുറവാണെന്ന യു.ഡി.എഫ് നേതാക്കളുടെ ആരോപണം ആദ്യം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. ഇതോടെ നേതാക്കൾ കമ്മിഷനിംഗ് ബഹിഷ്കരിച്ച് പുറത്തിറങ്ങി. വിവരം അറിഞ്ഞു തിരഞ്ഞെടുപ്പ് നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്തു സ്‌കൂളിൽ എത്തുകയും പ്രേമചന്ദ്രന്റെ മുഖ്യ ഏജന്റ് എ.എ. അസീസ്, യു.ഡി,എഫ് തിരഞ്ഞെടുപ്പ് കൊല്ലം നിയോജകമണ്ഡലം വർക്കിംഗ് ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ, ജനറൽ കൺവീനർ തേവള്ളി ആർ.സുനിൽ, കൺവീനർമാരായ ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, കൃഷ്ണ വേണി ശർമ്മ, കൊല്ലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ബാലറ്റ് കണ്ട് ബോദ്ധ്യപ്പെട്ട അദ്ദേഹം യു.ഡി.എഫ് നേതാക്കളെ കളക്ടറുടെ ചേംബറിൽ ചർച്ചയ്ക്ക് വിളിച്ചു.
യു.ഡി.എഫ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം.എം. നസീർ, ജനറൽ കൺവീനർ കെ.എസ്. വേണുഗോപാൽ, എ.എ. അസീസ്, അഡ്വ.കൈപ്പുഴ.വി.റാംമോഹൻ, പി.ആർ പ്രതാപചന്ദ്രൻ, തേവള്ളി ആർ.സുനിൽ, ഡി.ഗീതാകൃഷ്ണൻ, ആനന്ദ് ബ്രഹ്‌മാനന്ദ്, തുടങ്ങിയർ പങ്കെടുത്ത് നടന്ന ചർച്ചയിലാണ് വിഷയം അന്വേഷിക്കാൻ തീരുമാനമായത്.