ccc
മധുരപ്പ ഇട്ടിമൂട് ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കുന്നു

വാളകം: രൂക്ഷമായ വരൾച്ചയിൽ മതുരപ്പയിലെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർ അനങ്ങുന്നില്ല. സാങ്കേതിക തടസങ്ങൾ നിരത്തി കൈയൊഴിയുന്ന പ്രവണത ഏറുകയാണ്.ജലഅതോറിട്ടി വാളകം സെക്ഷന്റെ പരിധിയിലുള്ള തിരുവറയ്‌ക്കൽ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ ബസ് ഷെൽട്ടറിന് സമീപത്തെ കലുങ്കിനടിയിൽ നിന്ന് വേനലിന്റെ തുടക്കത്തിൽ തന്നെ വെള്ളം പാഴാകാൻ തുടങ്ങിയത് വരൾച്ച രൂക്ഷമായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. പാഴാകുന്ന വെള്ളം താഴെ വയലിലേക്ക് ഒലിച്ചിറങ്ങുന്നു.മതുരപ്പ അയത്തിൽ ഭാഗത്ത് പൊതുവഴിയിൽ രണ്ടു ഭാഗത്തായി പൈപ്പ് പൊട്ടി വെള്ളം പാഴായി തുടങ്ങിയത് അടുത്തിടെയാണ്.ജനം ശുദ്ധജലത്തിനായി പ്രയാസപ്പെടുമ്പോഴാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥ.

ലിറ്റർ കണക്കിന് ജലമാണ് പാഴാകുന്നത്. പമ്പിംഗുള്ള സമയത്ത് ചോർച്ച ഉറപ്പാണ്. കിണറുകൾ വറ്റി ജനം വെള്ളത്തിനായി വലയുമ്പോഴുള്ള ഈ കാഴ്‌ച്ച സഹിക്കാൻ കഴിയില്ല. ആദ്യമൊക്കെ ജലഅതോറിട്ടിക്കാരെ വിളിക്കുമ്പോൾ ഇന്നു വരും നാളെ വരും എന്നു പറയും. ഇപ്പോൾ ഫോൺ എടുക്കാറില്ല.ഒരിടത്ത് തുടങ്ങിയ ചോർച്ച ഇപ്പോൾ മൂന്നിടത്തായി. ജലനഷ്‌ടം മാത്രമല്ല . റോഡും നശിക്കുന്നു.

ഡി.സന്തോഷ്

സെക്രട്ടറി

എസ്.എൻ.ഡി .പി യോഗം മതുരപ്പ 579 ാം നമ്പർ ശാഖ

ചിലയിടങ്ങിൽ ജി.ഐ പൈപ്പ് പൊട്ടിയത് നേരെയാക്കണമെങ്കിൽ ആ ജോലിയിൽ വൈദഗ്‌ദ്ധ്യമുള്ള ജോലിക്കാർ വേണം . ഉദ്ദ്യേശിക്കുന്ന വേഗത്തിൽ ജോലിക്കാരെ കിട്ടാറില്ല. സാധനങ്ങളുടെ ദൗർലഭ്യവും സാമ്പത്തിക പ്രയാസവും മറ്റൊരു തടസമാകുന്നു. ചിലയിടങ്ങളിൽ ലോഡുമായി കടന്നു പോയ ടോറസ് ലോറികളുടെ അമിതഭാരം മൂലമാണ് പൈപ്പ് പൊട്ടിയത്.പൊതുവിലുള്ള മെയിന്റനൻസ് പ്രവൃത്തികളുടെ ടെണ്ടർ പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം കാരണം മാറ്റി വെച്ചു. പോളിംഗ് കഴിഞ്ഞാൽ കാര്യങ്ങൾ വേഗത്തിലാകും.

ജല അതോറിട്ടി അധികൃതർ

ടാപ്പിൽ നൂൽവണ്ണത്തിലാണ് വെള്ളം ലഭിക്കുന്നത്. ലൈനിലെ ഒഴുക്കിന് ശക്തിയില്ലാത്തതിനാൽ ഗാർഹിക കണക്ഷനുള്ളവർക്ക് പാത്രങ്ങളിൽ ജലം ശേഖകരിച്ച് സൂക്ഷിക്കാനും കഴിയുന്നില്ല.

ബിനോജ് കുമാർ

കേരളകൗമുദി മതുരപ്പ ഏജന്റ്