 കുടിവെള്ളം നിലച്ചിട്ട് ഒന്നരവർഷം

കല്ലുവാതുക്കൽ: ദേശീയ പാത 66ന്റെ വീതികൂട്ടലിനോടനുബന്ധിച്ച് ഇളക്കിമാറ്റിയ വാട്ടർ അതോറിട്ടിയുടെ ജലവിതരണ പൈപ്പുകൾ പുനസ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതോടെ കുടിവെള്ളം മുട്ടി കല്ലുവാതുക്കൽ പഞ്ചായത്ത്. കല്ലുവാതുക്കൽ പാറയിൽ മുക്ക് മുതൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെയുള്ള ജലവിതരണ സംവിധാനം പൂർണമായും നിലച്ചിട്ട് ഒന്നര വർഷമായി. ദേശീയപാത വീതികൂട്ടലിന്റെ കരാറെടുത്ത കമ്പനിയാണ് ഇളക്കിമാറ്റിയ പൈപ്പുകൾക്ക് പകരം സർവീസ് റോഡിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ ഈ ജോലികളുടെ മെല്ലെപ്പോക്കാണ് പ്രതിസന്ധി രൂക്ഷമാക്കാൻ കാരണം. അടുതല മണ്ണയം സ്രോതസിൽ നിന്ന് ജലജീവൻ പദ്ധതി പ്രകാരം പഞ്ചായത്തിൽ വ്യാപകമായി നൽകിയ കണക്ഷനുകളിലാണ് നിലവിൽ നീരൊഴുക്ക് നിലച്ചത്.


ആശ്രയമായി ടാങ്കർ വെള്ളം

വേനലിന്റെ തുടക്കത്തിൽ തന്നെ കല്ലുവാതുക്കൽ പഞ്ചായത്തിലെ 23 വാർഡുകളിലും പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ദിവസേന ജലവിതരണം നടത്തിയിരുന്നു. അഞ്ച് ടാങ്കറുകൾ ഒരു വാർഡിൽ ദിവസവും നാലു ട്രിപ്പ് ശുദ്ധജലമെത്തിച്ചാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നത്. ഉണക്ക് വരൾച്ചയായതോടെ

ജലക്ഷാമം ഏറെ രൂക്ഷമായ ചാവർകോട്, എഴിപ്പുറം,കടമ്പാട്ടുകോണം, കിഴക്കനേല വാർഡുകളിൽ ടാങ്കർ വഴിയുള്ള ജലവിതരണവും കുടംബങ്ങളുടെ ആവശ്യങ്ങൾക്ക് ഒരളവോളം മാത്രമാണ് പരിഹാരമാകുന്നത്.

ജലജീവൻ മിഷൻ പ്രകാരം നൽകിയ ഗാർഹിക കണക്ഷനുകൾക്ക് മുറ തെറ്റാതെ ബില്ലു നൽകുന്നുണ്ട്. ഉപയോഗിക്കാത്ത വെള്ളത്തിന് പണം നൽകേണ്ട അവസ്ഥ ഒഴിവാക്കണം. ദേശീയ പാതയുടെ കരാറുകാർക്ക് മേൽ സമ്മർദം ചെലുത്തണം.

വിജയൻ എഴിപ്പുറം

ചാവർകോട് വാ‌ർഡ് മെമ്പർ,

കേരളകൗമുദി മെഡിക്കൽ കോളേജ് ഏജന്റ്

ടാങ്കർ ലോറികളിലൂടെയുള്ള ജലവിതരണത്തിന് ഫണ്ടിന്റെ അപര്യാപ്‌തതയുണ്ട്. എങ്കിലും ജീവൽപ്രശ്‌നമെന്ന നിലയിൽ ശുദ്ധജല വിതരണത്തിൽ വിട്ടുവീഴ്‌ച്ചയില്ല. ആറ് ലക്ഷം രൂപയാണ് മാസം ചിലവാക്കാനുള്ള പരിധി. പരിധി ഉയർത്തണമെന്ന ആവശ്യവുമായി ജില്ലാ കളക്‌ടറെ മാതൃകാ പെരുമാറ്റം നിലവിൽ വരുന്നതിന് മുമ്പ് സമീപിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതിനാൽ അദ്ദേഹത്തെ വീണ്ടു കാണും.

എൻ.ശാന്തിനി

കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ്.