
ചെറുകോൽ: ആത്മബോധോദയസംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ 142-ാമത് പൂരം ജന്മനക്ഷത്ര മഹാമഹം (ചെറുകോൽ പൂരം) കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ വിവിധ പരിപാടികളോടെ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ജന്മനക്ഷത്ര സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. യൂഹാനോൻ മാർ ദിയസകോറസ് മെത്രാപ്പൊലീത്ത ആശീർവാദ പ്രസംഗം നടത്തും. വൈകിട്ട് 5.30 ന് ജന്മനക്ഷത്ര പ്രകാശയാത്ര മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് ചെറുകോൽ ശ്രീശുഭാനന്ദാശ്രമ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് സമൂഹാരാധന, സേവ, സംഗീത സദസ് എന്നിവ നടക്കും. ഒമ്പതാം ഉത്സവദിനമായ ഇന്നലെ രാവിലെ 10ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ജന്മനക്ഷത്ര ഘോഷയാത്ര നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വാമി ജ്യോതിർമയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾസലാം മൗലവി, ആലങ്കോട് ലീലാകൃഷ്ണൻ, സ്വാമി വിജ്ഞാനാനന്ദൻ, സ്വാമി ഗുരുപൂജാനന്ദർ എന്നിവർ സംസാരിച്ചു. എൻ.ജി. അശോക് കുമാർ സ്വാഗതവും രാജൻ കാരാഴ്മ നന്ദിയും പറഞ്ഞു. നാളെ രാവിലെ തൃക്കൊടിയിറക്കുന്നതോടുകൂടി ആഘോഷങ്ങൾ സമാപിക്കും.