ns

ശാസ്താംകോട്ട : തടാക തീരത്തെ ബണ്ട് റോഡിൽ നിന്ന് വിലപിടിപ്പുള്ള വലിയ പൈപ്പുകൾ കടത്തികൊണ്ട് പോകുന്നതായി പരാതി. കൊല്ലം- ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി 2014 ൽ പുന്നമൂട് ബണ്ട് ഭാഗത്ത് ഇറക്കിയ മെറ്റൽ സാൻഡ് പൈപ്പുകളും ഹൈഡെൻസിറ്റി പോളി എത്തലീൻ പൈപ്പുകളുമാണ് കടത്തികൊണ്ടു പോകുന്നത്. മുപ്പതിനായിരത്തോളം വില വരുന്ന വലിയ പൈപ്പുകളാണ് സാമൂഹിക വിരുദ്ധർ മോഷ്ടിച്ചത്. പൈപ്പുകൾ തീയിട്ട് ചൂടാക്കി മുറിച്ചാണ് കടത്തുന്നത്. കൊല്ലം- ഞാങ്കടവ് കുടിവെള്ള പദ്ധതി ഉപേക്ഷിച്ചപ്പോൾ അതിനായി ഇറക്കിയ പൈപ്പുകൾ തടാക തീരത്ത് ഉപേക്ഷിച്ചിരുന്നു. തടാകത്തിലെ ജലനിരപ്പ് വർദ്ധിച്ചതോടെ പൈപ്പുകൾ തടാകത്തിൽ ഒഴുകി നടന്നിരുന്നു. കായൽകൂട്ടായ്മ പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച അന്നത്തെ ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ നിർദ്ദേശ പ്രകാരം പൈപ്പ് നീക്കുന്നതിന് 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മേയ്‌മാസത്തിൽ പൈപ്പുകൾ തൊട്ടടുത്തേക്ക് മാറ്റിയിരുന്നു. കുറെ പൈപ്പുകൾ ബണ്ട് റോഡിന്റെ ഷട്ടറിന്റെ ഭാഗത്തും അടുക്കി വെച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ പൈപ്പുകൾ കടത്തുന്നത്. ഉപയോഗിക്കുവാൻ കഴിയുന്ന ശേഷിക്കുന്ന പൈപ്പുകൾ കൂടി മോഷണം പോകാതെ വാട്ടർ അതോറിട്ടിയുടെ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ പറഞ്ഞു.