
കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിനെ വരവേറ്റ് ഇരവിപുരത്തെ വോട്ടർമാർ. ഇരവിപുരം, താന്നി തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് മുകേഷിനെ സ്വീകരിച്ചത്.
കത്തുന്ന ചൂടിനെയും അപ്രതീക്ഷിതമായി എത്തിയ മഴയെയും വകവയ്ക്കാതെ നിരവധി പേർ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രാസംഗികർ സംസാരിക്കുന്ന പൊതുയോഗങ്ങളോടെയാണ് സ്വീകരണ പരിപാടികൾ പുരോഗമിച്ചത്. രാവിലെ പോളയത്തോട് മേഖലയിലെ സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നിന്നാരംഭിച്ച പര്യടനം മുണ്ടയ്ക്കൽ, തെക്കേവിള, പള്ളിമുക്ക്, ഇരവിപുരം വാളത്തുംഗൽ മേഖലകളിലൂടെ സഞ്ചരിച്ച് കയ്യാലയ്ക്കലാണ് സമാപിച്ചത്. ഇരവിപുരത്തെ കമ്പിയിട്ടഴികം സ്വീകരണ കേന്ദ്രത്തിൽ, എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി തപന്യ കൃഷ്ണൻ വരച്ച ഛായാചിത്രം മുകേഷിന് കൈമാറി. എം.നൗഷാദ് എം.എൽ.എ, എൽ.ഡി.എഫ് നേതാക്കാളായ എസ്. സുദേവൻ, ഏണസ്റ്റ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.