
കുപ്രചാരണം മതന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്
പണക്കുറവ് പരിഹരിക്കുന്നത് ജനത്തെ നേരിൽക്കണ്ട്
മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും ജനകീയ ബന്ധങ്ങളും കൊണ്ടുകൂടിയാണ് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും കൊല്ലത്തിന്റെ ചുവപ്പു മായ്ച്ചത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രശ്നങ്ങൾക്കെല്ലാമപ്പുറം പ്രേമചന്ദ്രനെ വ്യക്തിപരമായി ആക്രമിച്ചാണ് എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രചാരണം. പക്ഷേ വ്യക്തിഹത്യ എന്ന വിലാപത്തിലേക്ക് പ്രേമചന്ദ്രൻ പോകുന്നില്ല. പകരം ആരോപണങ്ങൾക്കെല്ലാം കൃത്യമായി മറുപടി പറഞ്ഞാണ് അദ്ദേഹത്തിന്റെ പ്രചാരണം. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോഴുള്ള പ്രതീക്ഷ ?
പ്രതീക്ഷ വർദ്ധിക്കുകയാണ്. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും പുറമേ ജനങ്ങൾ യു.ഡി.എഫിനായി പ്രകടമായി രംഗത്തു വരികയാണ്. അത് പ്രത്യാശയും പ്രതീക്ഷയും വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച്, പ്രചാരണ പര്യടനങ്ങൾക്കും മറ്റും പോകുമ്പോൾ ജനങ്ങളിൽ നിന്ന് സ്നേഹനിർഭരമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്.
എൽ.ഡി.എഫിന്റെ സംഘിയാക്കൽ പ്രചാരണം തിരിച്ചടിയാകുമോ?
ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് ഇത്തരം പ്രചാരണം നടത്തുന്നത്. അത് മതന്യൂനപക്ഷങ്ങൾക്ക് വ്യക്തമായി അറിയാം. ഇത്തരം പ്രചരണങ്ങൾക്ക് കനത്ത തിരിച്ചടിയാണ് 2019-ൽ എൽ.ഡി.എഫിനു ലഭിച്ചത്. സി.പി.എമ്മിന്റെ സംഘിയാക്കലിന് ജനം ഇത്തവണയും ശക്തമായ മറുപടി നൽകും. ഇത്തരം പ്രചാരണത്തിൽ മതന്യൂനപക്ഷങ്ങൾക്ക് ഇപ്പോൾ കടുത്ത അതൃപ്തിയുണ്ട്. ഇങ്ങനെ എല്ലാവരെയും സംഘിയാക്കിയാൽ അത് ബി.ജെ.പിക്ക് കരുത്ത് പകരില്ലേയെന്നാണ് അവർ ചോദിക്കുന്നത്. പര്യടനത്തിനു പോകുമ്പോൾ ജനങ്ങൾ ഇക്കാര്യം നേരിട്ട് പറയുന്നുണ്ട്.
എം.പി ഒരു വികസനവും നടത്തിയിട്ടില്ലെന്നാണല്ലോ എൽ.ഡി.എഫ് പ്രചാരണം?
പാർലമെന്റ് തിരഞ്ഞെടുപ്പ് ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട വേദിയും വേളയുമാണ്. ഈ ഘട്ടത്തിൽ കുരീപ്പുഴയിൽ എന്തുചെയ്തു, കടപ്പാക്കടയിൽ എന്തു ചെയ്തു എന്നൊക്കെയാണ് എൽ.ഡി.എഫ് ചോദിക്കുന്നത്. അവർക്ക് മറ്റൊന്നും പറയാനില്ല. എന്നു കരുതി എൽ.ഡി.എഫിന്റെ പ്രചാരണങ്ങൾക്ക് മറുപടി നൽകാതിരിക്കുന്നില്ല. കൊല്ലം ബൈപ്പാസ് വികസനം, കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം, ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വികസനം, പാർലമെന്റിൽ ഉന്നയിച്ച വിവിധ വിഭാഗം തൊഴിലാളികളുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്. 15 വർഷം മുൻപ് ഒരു പതിറ്റാണ്ടു കാലം കൊല്ലത്ത് സി.പി.എമ്മിന്റെ എം.പിയായായിരുന്നു. അദ്ദേഹത്തിന്റെ വികസന സംഭാവനകൾ എന്താണെന്നു കൂടി സി.പി.എം പറയണം.
യു.ഡി.എഫ് ഒറ്റക്കെട്ടാണോ?
കോൺഗ്രസ് അടക്കം യു.ഡി.എഫിലെ എല്ലാ കക്ഷികളും പ്രചാരണത്തിന് ഒറ്റക്കെട്ടായി നേതൃത്വം വഹിക്കുകയാണ്. മുന്നണി നേതാക്കളും പ്രവർത്തകരും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. സ്ഥാനാർത്ഥി സ്വീകരണങ്ങളും കുടുംബയോഗങ്ങളും കൺവെൻഷനുകളുമെല്ലാം അവർ വൻ വിജയമാക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചോ?
എൽ.ഡി.എഫ് ചെലവഴിക്കുന്നതിന്റെ പകുതി പോലും ഞങ്ങൾക്ക് ചെലവഴിക്കാനാകുന്നില്ല. ജനങ്ങളെ പരമാവധി നേരിൽക്കണ്ടാണ് പ്രചാരണത്തിൽ പണത്തിന്റെ കുറവ് പരിഹരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസക്കാലമായി വിശ്രമമില്ലാതെ ജനങ്ങളെ കാണുകയാണ്. പുലർച്ചെ മുതൽ പാത്രിരാത്രി വരെ പ്രചാരണമാണ്. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ 1219 ബൂത്തുകളിലും പോയി ജനങ്ങളെ കാണുന്നുണ്ട്.