ഓയൂർ : വന്യമൃഗ ശല്ല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിച്ച് വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ സാധാരണ കർഷകർ. വീട്ടുവളപ്പിലും ഏലാകളിലും കൃഷി ചെയ്‌ത വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. മനുഷ്യന്റെ ജീവനു നേരെയും ഭീഷണിയായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.
കാട്ടുപന്നിക്കൂട്ടമാണ് വലിയ ഭീഷണിയായി മാറുന്നത്. മയിലുകളും വാനരസംഘവും ഇതിന് പുറമെ കർഷകർക്ക് തലവേദനയാകുന്നു. കരമന ഏല,ആറ്റൂർകോണം ഏല,മമ്പുഴ, മുകളുവിള,പെരുവത്തോട് പ്രദേശങ്ങളിലാണ് വന്യജീവി ശല്ല്യം രൂക്ഷമാകുന്നത്.വാഴ, ചേന,കപ്പ എന്നീ വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്.
വലിയ കൃഷി നാശം
രാത്രി ഏകദേശം 10 ന് ശേഷം എത്തുന്ന പന്നിക്കൂട്ടം വയലിലും ചുറ്റുമതിലില്ലാത്ത വീട്ടുപുരയിടങ്ങളിലും കയറിയാണ് കൃഷി നശിപ്പിക്കുന്നത്. ഇഞ്ചിയും മഞ്ഞളും ഒഴികെ കണ്ണിൽ കണ്ടതെല്ലാം കാട്ടുപന്നിക്കൂട്ടം കുത്തി മറിക്കുന്നു. ആറ്റിൻവക്കത്തെ പൊന്തക്കാടുകളിൽ പകൽ സമയം പന്നികൾ ഒളിച്ചിരിക്കുന്നതായാണ് വിവരം.ഇളനീർ കുലകൾ ഭക്ഷണമാക്കാനാണ് വാനര സംഘമെത്തുന്നത്. നെൽകതിരുകൾ കൊത്തിപ്പറിച്ചാണ് മയിലുകൾ കർഷകർക്ക് ഭീഷണിയാകുന്നത്.കരമന വീട്ടിൽ വനജാക്ഷി,ചരുവിള പുത്തൻ വീട്ടിൽ സലിം,പ്രദേശവാസിയായ വിജയൻ എന്നിവർക്കാണ് വലിയ കൃഷി നാശം സംഭവിച്ചത്. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നതിന് പുറമെ ഭൂമി പാട്ടത്തിനെടുത്ത് വിള നട്ടവർക്കും വലിയ നഷ്‌ടമുണ്ടായി.കരമന പ്രദേശത്ത് മാത്രം അര ലക്ഷത്തിന്റെ നഷ്‌ടമുണ്ടായി.
കാട്ടുപന്നിയുടെ ആക്രമണം
പള്ളിക്കൽ പുഴ ഭാഗത്ത് രണ്ടാഴ്‌ച്ച മുമ്പ് പുലർച്ചെ നാലിന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു.പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു ദമ്പതികൾ.ബൈക്ക് കുത്തി മറിച്ചതിനെ തുടർന്നു നിലത്തു വീണ 60 കാരന് നട്ടെല്ലിന് സാരമായി പരിക്കേറ്റു.ഒരു വർഷം മുമ്പ് ഈ പ്രദേശത്തിനടുത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് കൊല്ലപ്പെട്ടിരുന്നു.
തുണി കൊണ്ടു നേരിയ മറകെട്ടിയാൽ പോലും ആ ഭാഗങ്ങളിലേക്ക് കാട്ടുപന്നികൾ പ്രവേശിക്കാറില്ല.ഈ സാഹചര്യത്തിൽ ശക്തമായി വേലി പോലുള്ള സംവിധാനമൊരുക്കിയാൽ കാട്ടുമൃഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകും.
എസ്. രാജു
സെക്രട്ടറി
എസ്.എൻ.ഡി. പി യോഗം പുതുശേരി 6303-ാം നമ്പർ ശാഖ
പന്നിയെ വെടിവെച്ചു കൊല്ലാൻ വേട്ടക്കാരനെ പഞ്ചായത്ത് ചുമതലപ്പെടുത്തിയതുകൊണ്ടു കാര്യമില്ല. പകൽ പതിയിരിക്കുന്ന പന്നിക്കൂട്ടം രാത്രിയിൽ ഇറങ്ങുമ്പോൾ വേട്ടക്കാരനെ വിളിച്ചു വരുത്തും വരെ മൃഗങ്ങൾ അവിടെ നിൽക്കാറില്ല.വേലി നിർമ്മിച്ച് കൃഷി സംരക്ഷിക്കുന്നതാണ് പ്രായോഗിക സമീപനം .
പി. ആർ.സന്തോഷ്
ആറ്റൂർകോണം വാർഡ് മെമ്പർ
കാട്ടുമൃഗങ്ങൾ മനുഷ്യ ജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നു. പുലർച്ചെ റബർ ടാപ്പിംഗിന് പോയ ആളെ കാട്ടുപന്നി ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം ഉണ്ടായി.
എസ്. സൈജു
വ്യാപാരി -വ്യവസായി സമിതി ചടയമംഗലം ഏരിയാ സെക്രട്ടറി