
പരവൂർ: കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ ഞാറോട് വാർഡിലെ കാർഷിക കൂട്ടായ്മയായ പച്ചപ്പ് കൃഷിക്കൂട്ടത്തിലെ കർഷകർ വർഷങ്ങളായി തരിശായി കിടന്നിരുന്ന 35 സെന്റ് സ്ഥലത്ത് ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തുകൾ നട്ടു കൊണ്ട് പുതുകൃഷിക്ക് തുടക്കം കുറിച്ചു. പൂതക്കുളം കൃഷി ഓഫീസർ പി.സുബാഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ വി.ബാലകൃഷ്ണൻ, പച്ചപ്പ് കൃഷിക്കൂട്ടം ഭാരവാഹികളായ ഷൈജു, വിജയനാഥൻ പിള്ള, ബിന്ദു, രത്നമ്മ, ശ്രീകല എന്നിവർ നേതൃത്വം നൽകി. വാർഡിലെ തരിശായി കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഉടമസ്ഥരുടെ സമ്മതത്തോടെ ഏറ്റെടുത്ത് കൃഷി ചെയ്യുക എന്നതാണ് കൃഷിക്കൂട്ടത്തിന്റെ ലക്ഷ്യം .