 
കരുനാഗപ്പള്ളി: ചിറ്റൂമൂലയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് സംഘമായി എത്തിയവർ നിയോ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടർ വിഷ്ണുവിനെ മർദ്ദിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റുമൂല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗം താലൂക്ക് ട്രഷറർ പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എം.ബാബുആചാരി , എസ്.അൻവർ രവി വാസു എന്നിവർ സംസാരിച്ചു.