അടിപ്പാതകളിലൂടെ 3 മാസത്തിനകം ട്രയൽ ഗതാഗതം

കൊല്ലം: ദേശീയപാത വികസനം ജില്ലയിൽ 45 ശതമാനം പിന്നിട്ടു. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് 60 ശതമാനത്തിൽ എത്തിക്കാൻ ദേശീയപാത അതോറിട്ടി കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് റീച്ചുകളിലും ഡ്രെയിനേജുകളുടെ നിർമ്മാണം രണ്ട് വശങ്ങളിലുമായി ഏകദേശം 50 കിലോ മീറ്റർ വീതം പൂർത്തിയായി. സർവ്വീസ് റോഡുകളുടെയും ആറുവരിപ്പാതയുടെയും ടാറിംഗും അതിവേഗത്തിലാണ്. നിർമ്മാണം പൂർത്തിയായ അടിപ്പാതകൾ വഴി മൂന്ന് മാസത്തിനുള്ളിൽ ട്രയൽ ഗതാഗതം ആരംഭിക്കും. ജംഗ്ഷനുകളിൽ ഫ്ലൈ ഓവറുകളുടെ നിർമ്മാണവും കുതിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് രണ്ട് കരാർ കമ്പനികൾക്കും ദേശീയപാത അതോറിട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ മഴക്കാലത്ത് നിർമ്മാണം സ്തംഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഒന്നര വർഷത്തിലേറെ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

പാലങ്ങളുടെ പുരോഗതി

................................

നീണ്ടകര പാലം: ആകെയുള്ള 296 പൈലുകൾ പൂർത്തിയായി. പിയറുകളുടെയും പിയർ ക്യാപ്പുകളുടെയും നിർമ്മാണം അന്തിമഘട്ടത്തിൽ. ഇവയ്ക്ക് മുകളിൽ സ്ഥാപിക്കേണ്ട 150 ഗർഡറുകളിൽ 128 എണ്ണം പൂർത്തിയായി.

നീരാവിൽ പാലം: സ്ലാബുകൾ അടക്കം സ്ഥാപിച്ച് നിർമ്മാണം 99 ശതമാനം പൂർത്തിയായി. മണ്ണ് കായലിലേക്ക് ഇറങ്ങാതിരിക്കാൻ പാലത്തിനും കരയ്ക്കും ഇടയിൽ രണ്ട് വശങ്ങളിലും ഡെർട്ട് വാൾ മാത്രമാണ് ശേഷിക്കുന്നത്.

മങ്ങാട് പാലം: ആകെയുള്ള 212 പൈലുകളും പൂർത്തിയായി. രണ്ട് പിയർ ക്യാപ്പുകൾ കൂടി നിർമ്മിക്കാനുണ്ട്. ഇവയ്ക്ക് മുകളിൽ സ്ഥാപിക്കേണ്ട 138 ഗർഡറുകളിൽ 76 എണ്ണത്തിന്റെ കോൺക്രീറ്റിംഗ് കഴിഞ്ഞു. ആകെ വേണ്ട 23 സ്ലാബുകളുടെ കോൺക്രീറ്റിംഗ് കഴിഞ്ഞു.

കാവനാട് പാലം: ആകെയുള്ള 164 പൈലുകൾ പൂർത്തിയായി. ഒരു പൈൽ ക്യാപ്പും ഒരു പിയർ ക്യാപ്പും നിർമ്മിക്കാനുണ്ട്. 104 ഗർഡറുകളിൽ 84 എണ്ണവും 17 സ്ലാബുകളിൽ മൂന്നെണ്ണവും കോൺക്രീറ്റ് ചെയ്തു.

ഇത്തിക്കര പാലം: പൈലിംഗ് പൂർണമായി. രണ്ട് പിയർ ക്യാപ്പുകൾ നിർമ്മിക്കാനുണ്ട്. ആകെയുള്ള 30 ഗർഡറുകളും കോൺക്രീറ്റ് ചെയ്തു.

ചവറ പാലം: ഡിസൈൻ അന്തിമമായി. വൈകാതെ പൈലിംഗ് ആരംഭിക്കും.

കന്നേറ്റി പാലം: പൈലിംഗ് പൂർത്തിയായി. ആകെയുള്ള 20 ഗർഡറുകളിൽ 17 എണ്ണം കോൺക്രീറ്റ് ചെയ്തു. നാല് സ്ലാബുകൾ വാർക്കാനുള്ള ഒരുക്കങ്ങൾ കുടങ്ങി.