കൊല്ലം: ജി​ല്ലയി​ലെ സ്ഥാനാർത്ഥി​കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതി​ൽ ഭൂരി​ഭാഗവും നി​രോധി​ത പി.വി.സി ഫ്‌ളക്‌സുകൾ. പരിസ്ഥിതി സൗഹൃദമായി​ തിരഞ്ഞെടുപ്പ് നടത്താനാണ് പി.വി.സി ഫ്‌ളക്‌സുകൾക്കും പ്ലാസ്റ്റി​ക് തോരണങ്ങൾക്കും വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇത് അപ്പാടെ അവഗണി​ച്ചാണ് പ്രചാരണം കൊഴുക്കുന്നത്.

നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി​യെടുക്കാൻ ശുചിത്വമിഷനും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും രംഗത്തുണ്ടെങ്കിലും ഫ്‌ളക്‌സുകൾ നീക്കുന്നതിൽ കാര്യമായ പുരോഗതിയില്ല. പിടിച്ചെടുക്കുന്ന ഫ്‌ളക്സുകളിൽ പുനരുപയോഗിക്കാനാകാത്ത വിധം പി.വി.സി, പോളിഎസ്റ്റർ, പ്ലാസ്റ്റിക്ക് അംശം അടങ്ങിയിട്ടുണ്ടോ എന്നതുൾപ്പെടെ അറിയാനുള്ള പരിശോധനകൾ നടത്താൻ ജി​ല്ലയി​ൽ സംവിധാനമി​ല്ല. പരിശോധന സംവിധാനം ഉള്ള ജില്ലയിലേക്ക് ഫ്‌ളക്‌സിന്റെ സാമ്പിൾ അയച്ചു നൽകിയാലും ഫലം ലഭിക്കാൻ മാസങ്ങളെടുക്കും. ഇതി​നാൽ നടപടിയെടുക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത് . മലിനീകരണ നിയന്ത്രണബോർഡിന്റെ സാക്ഷ്യപത്രമുള്ള ഫ്‌ളക്‌സുകളും സാമഗ്രികളും മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.


ക്യൂ.ആർ കോഡുമില്ല, പേരുമില്ല


തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമഗ്രികളിൽ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേര്, വിലാസം, ഫോൺ നമ്പർ, , പുനരുപയോഗിക്കാമെന്നതിന്റെ ലോഗോ (റീസൈക്കിൾ ലോഗോ), ക്യു.ആർ കോഡ് എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഭൂരി​ഭാഗം ഫ്ളക്സുകളി​ലും ഇതൊന്നുമി​ല്ല.

തുണിയിലുള്ള പ്രിന്റിംഗിനും പി.വി.സി യുടെ അംശമില്ലാത്ത കട്ടികുറഞ്ഞ ബോഹർ ഫ്‌ളക്‌സ് പ്രിന്റിംഗിനും വിലക്കൂടുതലായതിനാലാണ് പി.വി.സി ഫ്‌ളക്‌സുകൾ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഫ്‌ളക്‌സുകൾ തിരികെ കൊണ്ടുപോകണമെന്ന് നിർദേശം ഉണ്ടെങ്കി​ലും പലരും ഇത് പാലിക്കാറില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 10,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. തിരഞ്ഞെടുപ്പ് കമാനങ്ങളിൽ തെർമോക്കോൾ ഉപയോഗിക്കുന്നതിനും 10,000 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്.


നിർദ്ദേശങ്ങൾ ഇങ്ങനെ

 തുണിയിൽ പ്രിന്റ് ചെയ്തവ, കോട്ടൺ, പേപ്പർ, പോളിഎഥി​ലിൻ എന്നിവയിൽ നിർമ്മിച്ചവ മാത്രമേ പ്രചാരണത്തി​ന് ഉപയോഗിക്കാവൂ

 ഫ്‌ളക്‌സിൽ സ്ഥാപനത്തിന്റെ പേര്, ക്യു.ആർ കോഡ്, ഫോൺ നമ്പർ, റീസൈക്കിൾ ലോഗോ എന്നിവരേഖപ്പെടുത്തണം

 പി.വി.സി ഫ്‌ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസറ്റിക്ക് തോരണങ്ങൾ എന്നിവ പ്രചരണത്തിന് ഉപയോഗിക്കരുത്


 ഹരിതചട്ടം പാലിച്ചു മാത്രമേ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ബൂത്തുകളും അലങ്കരിക്കാവൂ