കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 714ാം നമ്പർ കോട്ടാത്തല ശാഖയുടെ ഇന്ന് നടക്കാനിരുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജില്ലാ അവധിക്കാല കോടതി സ്റ്റേ ചെയ്തു. ശാഖയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കണമെന്ന് ചൂണ്ടിക്കാട്ടി ശാഖ സംരക്ഷണ സമിതി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ കൺവീനർ വി.ദേവരാജൻ, എസ്.ഷൈൻ, അരുൺ സുദർശനൻ, ആരോമൽ ഷാജി എന്നിവർ ചേർന്നു നൽകിയ ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവ് നൽകിയത്. ഒന്നര പതിറ്റാണ്ടിലധികമായി ശാഖയിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. കൃത്രിമ രേഖയുണ്ടാക്കി തുടർന്നുവരുന്ന ഭരണസമിതിയുടെ ആ നിലയിലുള്ള കാലാവധിയും 2023 മാർച്ചിൽ അവസാനിച്ചിരുന്നു. ശാഖയുടെ കീഴിലുള്ള വിദ്യാലയത്തിൽ നടത്തിയ നിയമനങ്ങളുടെ പേരിൽ വാങ്ങിയ തുക, ഓഡിറ്റോറിയം നി‌ർമ്മാണത്തിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളുൾപ്പടെ ചൂണ്ടിക്കാട്ടി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. അർഹതയുള്ളവർക്കെല്ലാം വോട്ടവകാശം ലഭിക്കണം, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം, നാലായിരത്തിലധികം അംഗങ്ങൾ നിലവിലുള്ള ശാഖയിൽ പൊതുയോഗത്തിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുക്കാതെ രഹസ്യ ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചുവെങ്കിലും സ്റ്റേ തുടരാനാണ് കോടതി നിർദ്ദേശം. ആ നിലയിൽ ഇന്ന് വൈകിട്ട് 3ന് ശാഖായോഗം വക പണയിൽ ഗുരുദേവ കൺവെൻഷൻ സെന്ററിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.