കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികയിൽ ആയിരകണക്കിന് ഇരട്ടവോട്ടുകൾ ഉൾപ്പെട്ടിട്ടുളളതായി യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റ് എ.എ.അസീസ്. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മിഷനും, ചീഫ് ഇലക്ടറൽ ഓഫീസർ കേരളയ്ക്കും, ഒബ്‌സർവർക്കും, റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഇരട്ട വോട്ടുകൾ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഒരാളിനെയും ഒന്നിൽ കൂടുതൽ വോട്ടുകൾ ചെയ്യാൻ അനുവദിക്കാത്ത തരത്തിൽ ഇലക്ഷൻ കുറ്റമറ്റതാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇരട്ട വോട്ടുകൾ സംബന്ധിച്ച് ബി.എൽ.ഒമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വിവരം ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. ഇരട്ട വോട്ടുള്ളതിൽ ബഹുഭൂരിപക്ഷവും സി.പി.എമ്മിന്റെ നേതാക്കൻമാരോ പ്രവർത്തകരോ അവരുമായി ബന്ധപ്പെട്ടവരോ ആണെന്നാണ് വോട്ടർ പട്ടിക പരിശോധിച്ചതിൽ നിന്ന് മനസിലക്കാൻ കഴിയുന്നത്. ഒന്നിൽകൂടുതൽ വോട്ടുകൾ അനുവദിക്കുന്നത് നിയമവിരുദ്ധവും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും ശിക്ഷാർഹമായ കുറ്റവുമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവവും ശിക്ഷയും സംബന്ധിച്ച് വോട്ടർമാർക്ക് അവബോധം ഉണ്ടാക്കാൻ ആവശ്യമായ പ്രവർത്തനം നടത്തണമെന്നും എ.എ.അസീസ് ആവശ്യപ്പെട്ടു.