കൊട്ടാരക്കര: പ്രധാനമന്ത്രി നരേന്ദ്രമോദി ആ‌ർ.എസ്.എസിനെപ്പോലെ തനി തറ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസ്താവിച്ചു. മാവേലിക്കര പാ‌ർലമെന്റ് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സി.എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുപോലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ എത്തില്ലെന്ന് ഉറപ്പുണ്ടായിട്ടും ഏഴ് തവണയാണ് നരേന്ദ്ര മോദി ഇവിടേക്ക് എത്തിയത്. പ്രത്യേകമായി തൃശൂരിൽ കേന്ദ്രീകരിച്ചു. എന്നിട്ട് പറയുന്നത് കേരളത്തിൽ രണ്ടക്ക നമ്പരിൽ തങ്ങൾ ജയിക്കുമെന്നാണ്. കേരളത്തെ ശത്രുസൈന്യത്തെപ്പോലെ കണ്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജല്പനങ്ങളെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.എ.എബ്രഹാം അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, കെ.ആർ.ചന്ദ്രമോഹനൻ, കെ.എസ്.ഇന്ദുശേഖരൻ നായർ, എ.മന്മദൻ നായർ, പി.കെ.ജോൺസൺ, ജെ.രാമാനുജൻ, എ.എസ്.ഷാജി, ആർ.മുരളീധരൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.