
കുണ്ടറ: കെ.എസ്.ആർ.ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ സഹോദരനും ചികിത്സയിലിരിക്കെ മരിച്ചു. കുമ്പളം പബ്ലിക് ലൈബ്രറിക്ക് സമീപം പ്രമോദ് നിവാസിൽ പ്രണവ് എൽ.ദാസ് (15) ആണ് മരിച്ചത്. അപകടത്തിൽ സഹോദരൻ പ്രമോദ് സംഭവദിവസം തന്നെ മരണമടഞ്ഞിരുന്നു.
ഇന്നലെ രാവിലെ 10ഓടെയാണ് പ്രണവ് മരണത്തിനു കീഴടങ്ങിയത്. പേരയം സൗന്ദര്യ ജംഗ്ഷന് സമീപം വരമ്പ് ഭാഗത്ത് വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. കുണ്ടറ ഭാഗത്തു നിന്നു ചിറ്റുമല ഭാഗത്തേക്ക് പോയ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വീട്ടുകാരും കടക്കാരും നിരത്തിവച്ചിരിക്കുന്ന പാറക്കല്ലുകളാണ് അപകടങ്ങൾക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു. പ്രണവ് പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.