കൊല്ലം: ഇടതുപക്ഷ ട്രേഡ് യൂണിയൻ ഐക്യവേദി സംഘടിപ്പിക്കുന്ന തൊഴിലാളി പാർലമെന്റ് ഇന്ന് രാവി​ലെ 10ന് കൊല്ലം ജവഹർ ബാലഭവനിൽ സി.ഐ.ടി.യു ജനറൽ സെക്രട്ടറിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ തപൻ സെൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റും മുൻ പാർലമെന്റ് അംഗവുമായ ടി.ജെ. ആഞ്ചലോസ്, വിവിധ ഇടത് ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ 10 വർഷം തൊഴിൽ മേഖലയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നടപ്പാക്കി​യ നയങ്ങൾ മൂലമുണ്ടായ പ്രതിസന്ധികളും മറ്റും അവലോകനം ചെയ്യാനാണ് തൊഴിലാളി പാർലമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ നേരിട്ട് ട്രേഡ് യൂണിയനുകളുടെ ദേശീയ നേതാക്കളുമായി സംവദിക്കും. ഇടതുപക്ഷ ട്രേഡ് യൂണിയനുകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ബി), എച്ച്.എം.എസ്, ടി.യു.സി.ഐ എന്നിവ സംയുക്തമായാണ് തൊഴിലാളി പാർലമെന്റ് സംഘടിപ്പിക്കുന്നതെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹനും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബുവും പറഞ്ഞു.