
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റു. തിരക്കിനിടയിൽ വലത് കണ്ണിന്റെ കൃഷ്ണമണിയിൽ മൂർച്ഛയുള്ള ഏതോ വസ്തു കൊള്ളുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5.45ന് കുണ്ടറ മുളവന ചന്തയിലായിരുന്നു സംഭവം. സ്വീകരണപരിപാടിക്കിടെ നിരവധി പേർ സ്ഥാനാത്ഥിക്ക് ചുറ്റും തടിച്ചുകൂടി. ഇതിനിടയിൽ കൃഷ്ണകുമാറിന്റെ വലത് കണ്ണിന് നേരിയ വേദന അനുഭവപ്പെട്ടു. സ്വീകരണം കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ കണ്ണ് തുറക്കാൻ കഴിയാത്ത വിധം വേദനയായി. ഉടൻ തന്നെ തൊട്ടടുത്തുള്ള കണ്ണാശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കൃഷ്ണമണിയിൽ കൂർത്തവസ്തു കൊണ്ടതായി സ്ഥിരീകരിച്ചത്. ആരുടെയോ നഖമാണെന്നാണ് സംശയം. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും പത്തോളം സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്ന ജനങ്ങളെ നിരാശരാക്കുന്നില്ലെന്ന് പറഞ്ഞ് പര്യടനം തുടർന്നു. പ്രചാരണത്തിന് ഇന്നും അവധി നൽകില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു.