
ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധന കുടുംബത്തിന് 'അമ്മവീട് ' പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ നിർവഹിച്ചു. ട്രസ്റ്റിന് ലഭിച്ച 250 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട, പാരിപ്പള്ളി തെറ്റിക്കുഴിയിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ചിദംബരൻ ആചാരി, ഉഷ അമ്മാൾ ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. ഉഷ അമ്മാൾ ഹൃദയ ശസ്ത്ര ക്രിയ കഴിഞ്ഞ വ്യക്തിയാണ്. ലോട്ടറി വില്പനയിലൂടെ ചിദംബരൻ ആചാരിയ്ക്ക് ലഭിക്കുന്ന തുച്ഛവരുമാനത്തെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. നടയ്ക്കൽ ആലുവിള ഭാഗത്ത് വസ്തു വാങ്ങി 13 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. ചടങ്ങിൽ എസ്.പ്രസേനൻ, നടയ്ക്കൽ മുരളി, രാജൻ കുറുപ്പ്, സത്താർ പാരിപ്പള്ളി, ദീപ, ജയപ്രകാശ്, വിജയൻ കുറുപ്പ്, തുളസീധരക്കുറുപ്പ്, ക്ലാസിക്കൽ സന്തോഷ്, ദാസ്, ശ്രീജ സന്തോഷ്, സിന്ധു ശ്രീകുമാർ, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, ജെ.സി.ഐ, സാംസ്കാരിക ക്ലബുകൾ തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു. ട്രസ്റ്റ് കോഡിനേറ്റർ വേണു സി.കിഴക്കനേല സ്വാഗതവും രക്ഷാധികാരി കബീർ പാരിപ്പള്ളി നന്ദിയും പറഞ്ഞു.