
നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്
ചാത്തന്നൂർ: ഉളിയനാട് കനാലിലൂടെ വെള്ളം എത്തിയതോടെ ചിറക്കര ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം. രണ്ടുദിവസം കൂടുമ്പോൾ ജപ്പാൻ പദ്ധതിയുടെ പൈപ്പിലൂടെ കുടിവെള്ളവും എത്തുന്നുണ്ട്. പ്രദേശത്തെ ജലക്ഷാമത്തെക്കുറിച്ച് ഏപ്രിൽ 11ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത കമ്മിറ്റി തീരുമാന പ്രകാരം കുടിവെള്ളം, കനാൽ വൃത്തിയാക്കി വെള്ളം ഒഴുക്കി വിടുന്നന്നത് എന്നിവയുമായി ബന്ധപ്പെട്ട് കനാൽ അധികൃതർക്കും ജല അതോറിട്ടിക്കും കത്ത് നൽകി. തുടർന്ന് നടപടികൾ വേഗത്തിലാവുകയും കനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കനാലിൽ വെള്ളം തുറന്നുവിടുകയുമായിരുന്നു. വെള്ളമെത്തിയതോടെ മാസങ്ങളായുള്ള ജനങ്ങളുടെയും കന്നുകാലി കർഷകടെയും ദുരിതത്തിനാണ് അറുതിയായത്.
ചിറക്കര പഞ്ചായത്തിലെ ഉളിയനാട്, ചിറക്കര, ചിറക്കരതാഴം, കുഴുപ്പിൽ, മാലാകായൽ, നെടുങ്ങോലം മേഖലയിലാണ് ഏറ്റവും കൂടതൽ ക്ഷീര സംഘങ്ങൾ ഉള്ളതും പാൽ ഉത്പാദിപ്പിക്കുന്നതും. കന്നുകാലി കർഷകർ ഏറെയുള്ള ഈ മേഖലയിൽ കന്നുകാലികളെ കുളിപ്പിക്കാനോ അവർക്ക് വെള്ളം നൽകാനോ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. പലരും വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്. കനാൽ തുറന്നുവിട്ടത് പ്രദേശങ്ങളിലെ തോടുകൾ, കിണറുകൾ, കുളങ്ങൾ, വയലുകൾ എന്നിവയെ ജലസമൃദ്ധമാക്കുന്നതോടെ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയും.
"ഈ വിഷയത്തിൽ പഞ്ചായത്തിലെ എല്ലാ മെമ്പർമാരും ശക്തമായി ഇടപെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർക്ക് ആശ്വാസമായി ചിറക്കരയിൽ വെള്ളം എത്തിയത്."
ടി.ആർ.സജില
പ്രസിഡന്റ്
ചിറക്കര ഗ്രാമപഞ്ചായത്