കുന്നത്തൂർ : മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി നാളെ കുന്നത്തൂരിലെത്തും. വൈകിട്ട് 3ന് സിനിമാപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം തയ്യാറാക്കിയ വേദിയിൽ (എ.എസ് ഗ്രൗണ്ട്) അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും.ഉച്ച കഴിഞ്ഞ് തിരുവനന്തപുരം എയർപോർട്ടിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധി ഹെലികോപ്ടർ മാർഗം പുന്നമൂട് ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ എത്തും. ഇവിടെ നിന്ന് റോഡ് മാർഗം ഭരണിക്കാവ് ടൗൺ വഴി സിനിമാപറമ്പിലേക്ക്. കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിക്കും. കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ,ആന്റോ ആന്റണി എന്നിവർക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി,ഷിബു ബേബി ജോൺ,ദേവരാജൻ,പി.ജെ. ജോസഫ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുക്കും. പരിപാടിയുടെ സമ്പൂർണ വിജയത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതിക്കു വേണ്ടി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഗോകുലം അനിൽ,കൺവീനർ തോപ്പിൽ ജമാൽ എന്നിവർ അറിയിച്ചു.