കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ ചിഹ്നത്തിൽ വലിപ്പക്കുറവും തെളിച്ചക്കുറവും കണ്ടെത്തിയതിനെ തുടർന്ന് നിറുത്തിവെച്ച, ബാലറ്റ് യൂണിറ്റിന്റെ കമ്മിഷനിംഗ് ഇന്ന് പുനഃരാരംഭിക്കും. പുതുതായി അച്ചടിച്ച ബാലറ്റിന്റെ ഡിജിറ്റൽ പകർപ്പുകൾ പതിച്ചാകും കമ്മിഷനിംഗ്.

കഴിഞ്ഞ 18 ന് ബാലറ്റ് യൂണിറ്റുകളുടെ കമ്മിഷനിംഗ് നടക്കവേയാണ് പ്രേമചന്ദ്രന്റെ മൺവെട്ടിയും മൺകോരിയും അടയാളത്തിന് മറ്റ് സ്ഥാനാർത്ഥികളുടെ ചിഹ്നത്തെക്കാൾ വലിപ്പക്കുറവും തെളിച്ചക്കുറവും ശ്രദ്ധയിൽപ്പെട്ടത്. യു.ഡി.എഫ് പ്രതിനിധികൾ ആദ്യം ഇക്കാര്യം ഉന്നയിച്ചെങ്കിലും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. യു.ഡി.എഫ് പ്രവർത്തകർ കമ്മിഷനിംഗ് ബഹിഷ്കരിച്ച് പുറത്തിറങ്ങിയതോടെ കളക്ടറും തിരഞ്ഞെടുപ്പ് നിരീക്ഷകനും ഇടപെട്ട് ചർച്ച നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് പുതിയ ബാലറ്റ് അച്ചടിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

നേരത്തെ തിരുവനന്തപുരം സർക്കാർ പ്രസിൽ അച്ചടിച്ച ബാലറ്റാണ് വോട്ടിംഗ് യന്ത്രങ്ങളിൽ പതിച്ചിരുന്നത്. 1800 യന്ത്രങ്ങളിൽ പതിച്ചിരുന്ന ഓഫ്സെറ്റ് ബാലറ്റുകൾ പൂർണമായും ഇളക്കി പുതിയ ഡിജിറ്റൽ പ്രിന്റുകൾ പതിച്ചു. ഇവിയുടെ കമ്മിഷനിംഗ് ഇന്ന് ഏഴ് നിയമസഭാ കേന്ദ്രങ്ങളിൽ നടക്കും. ആദ്യം അച്ചടിച്ച ബാലറ്റിൽ പ്രേമചന്ദ്രന്റെ ചിഹ്നത്തിന് വലിപ്പക്കുറവും തെളിച്ചക്കുറവും ഉണ്ടായത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.