മൺറോത്തുരുത്ത്: നെന്മേനി തെക്ക് വാർഡിൽ കരിമീൻ കൃഷി നടത്തിവന്ന കർഷകരുടെ കുളങ്ങളിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതിനെത്തുടർന്ന് വിളവെടുക്കാറായ കരിമീൻ കൂട്ടത്തോടെ ചത്തുപൊങ്ങി. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കർഷകർ പറയുന്നു. എസ്.എൻ.ഡി.പി യോഗം നെന്മേനി ശാഖാ സെക്രട്ടറിയായ അശോക ഭവനത്തിൽ അശോകന്റെയും മറ്റ് നാല് കർഷകരുടെയും കുളങ്ങളിലാണ് വിഷം കലക്കിയത്. വിഷം കലർത്തി മീനിനെ പിടിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമമാണ് ഇതിനു പിന്നിൽ. കർഷകർ കിഴക്കേക്കല്ലട പൊലീസിൽ പരാതി നൽകി. എട്ട് മാസത്തോളം തീറ്റ നൽകി വിളവെടുക്കാറായപ്പോഴാണ് മോഷണശ്രമം നടന്നത്. മുമ്പ് സമാന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് മോഷണം ശ്രമം ആവർത്തിക്കുന്നതെന്ന് കർഷകർ ആരോപിച്ചു.