
കൊല്ലം: കൊല്ലം എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സഹപാഠികളായ സഹോദരിമാർക്കുള്ള സ്നേഹവീടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ഒരു അമ്മയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. പിതാവ് നഷ്ടപെട്ട ഈ കുടുംബത്തിലെ രണ്ട് പെൺകുട്ടികളും എസ്.എൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനികളാണ്. പള്ളിമുക്ക് പഴയാറ്റിങ്കുഴിയിലാണ് ഇവർക്ക് വീട് നിർമ്മിക്കുന്നത്. കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ കൂപ്പൺ ചലഞ്ചിലൂടെയും വിവിധ സ്ഥലങ്ങളിൽ സ്റ്റാൾ നടത്തിയും സമാഹരിച്ച തുകയ്ക്ക് പുറമേ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനമായി കിട്ടിയ തുക കൂടി ചേർത്താണ് സ്നേഹ വീട് ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ശ്രമം. പ്രിൻസിപ്പൽ ഡോ.എസ്.വി.മനോജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.വിദ്യ, ഡോ.എൻ.ഷാജി, മുൻ പ്രിൻസിപ്പൽ ഡോ.നിഷ ജെ.തറയ്യിൽ, പി.ടി.എ സെക്രട്ടറി യു.അധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം പുരോഗമിക്കുന്നത്.