എഴുകോൺ : ഗ്രാമീണ മേഖലകളിലെ കാട്ടുപന്നി ശല്യം ആശങ്കയ്ക്ക് കാരണമാകുന്നു. കർഷകർക്കും ഗ്രാമവാസികൾക്കും ഒരു പോലെ ഭീഷണിയാണ് പന്നികളുടെ സാന്നിദ്ധ്യം. കൊട്ടാരക്കര മേഖലയിലാകമാനം പന്നിശല്യമുണ്ട്. ചടയമംഗലം, ഇളമാട്, ഉമ്മന്നൂർ,കുളക്കട , മൈലം, നെടുവത്തൂർ, എഴുകോൺ, കരീപ്ര, വെളിയം, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് ശല്യം കൂടുതൽ. ദിവസങ്ങൾക്ക് മുൻപ് എഴുകോൺ വാളായിക്കോട്ടും കോട്ടാത്തല ഏരുമാന്നൂരും ചടയമംഗലം ഇളവക്കോട്ടും പന്നിക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. കടുത്ത വേനലിൽ അത്യദ്ധ്വാനങ്ങൾ ചെയ്ത് പരിപാലിക്കുന്ന വിളകൾ നശിച്ചതിൽ വിഷമത്തിലാണ് കർഷകർ.
പന്നികൾ അക്രമകാരികളാണ്
എം സി റോഡിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും പന്നികൾ ഉപദ്രവമാകുന്നുണ്ട്. നിരവധി ഇരുചക്രവാഹന യാത്രികർക്ക് പന്നിയിടിച്ചുണ്ടായ അപകടങ്ങളിൽ ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്.
അക്രമകാരികളായ പന്നികളെ വെടി വെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ പ്രാദേശിക സംവിധാനങ്ങൾ ഇക്കാര്യം ഗൗരവത്തോടെ കണ്ടിട്ടില്ല. കോന്നിയിൽ കഴിഞ്ഞ ദിവസം കാട്ടുപന്നി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കടന്നതും കടയ്ക്കലിൽ ബൈക്കിൽ പോയ കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ പന്നി ആക്രമിച്ചതും വാർത്തയായിരുന്നു.
പദ്ധതികൾ രൂപീകരിക്കും
പന്നിശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. വെളിയം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ആർ. പ്രശാന്ത് മുൻകൈയെടുത്ത് വനം, കൃഷി ഉദ്യോഗസ്ഥരുടെയും കർഷകരുടെയും യോഗം വിളിച്ചിരുന്നു.ഈ യോഗത്തിലെ നിർദ്ദേശങ്ങൾ പ്രകാരം പദ്ധതികൾ രൂപീകരിക്കാനാണ് നീക്കം.
സർക്കാർ സഹായം വേണം
ബൊറാപ്പ് പോലെ ദുർഗന്ധം വമിക്കുന്ന രാസ മിശ്രിതങ്ങളും സൗണ്ട് ഡിവൈസുകളും പന്നിയെ അകറ്റാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് ഇത് ഫലപ്രദമല്ല.
കൃഷി ഭൂമിയിൽ ഇടവിളയായി മഞ്ഞൾ നടുന്നത് ഒരു പരിധി വരെ ഫലവത്താകുന്നുണ്ട്.
സൗരോർജ്ജ വേലിയാണ് ഏറ്റവും ഫലപ്രദം. എന്നാൽ ഇത് സാധാരണ കർഷകർക്ക് താങ്ങാവുന്നതല്ല. ഇക്കാര്യത്തിൽ സർക്കാർ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.