4 ആർ.വൈ.എഫ് പ്രവർത്തകർക്ക് ഗുരുതര പരിക്ക്
കൊല്ലം: ചവറയിൽ ചാനൽ ചർച്ചയ്ക്കിടെ ഇടതു യുവജന സംഘടനാ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ നാല് ആർ.വൈ.എഫ് പ്രവർത്തകരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചവറയിലെ ആർ.വൈ.എഫ് പ്രവർത്തകരായ ബിലാൽ, പ്രജിത്ത് പൂക്കോടൻ, ഷെജീർ, ഷെഹിൻ എന്നിവർക്കാണ് പരിക്കേറ്റത്.
അക്രമികളെ പിടികൂടണമെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് എൽ.ഡി.വൈ.എഫ് പ്രവർത്തകർ ഉപയോഗിച്ച ഡി.ജെ വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചവറ പൊലീസ് സ്റ്രേഷൻ ഉപരോധിച്ചു. ഇന്നലെ രാത്രി ചവറ കൊറ്റങ്ങുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ചാനൽ ചർച്ചയ്ക്കിടെ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിലേക്ക് എൽ.ഡി.വൈ.എഫ് പ്രവർത്തകർ റോഡ് ഷോയ്ക്ക് ഉപയോഗിച്ച ഡി.ജെ. വാഹനം ഇടിച്ചകയറ്റുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ആർ.വൈ.എഫ് പ്രവർത്തകർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. രാത്രി വൈകിയും യു.ഡി.എഫ് നേതാക്കളുടെ സ്റ്റേഷൻ ഉപരോധം തുടരുകയായിരുന്നു.