കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എൻ. ദേവിദാസ് പറഞ്ഞു. ചേമ്പറിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന എ.ആർ.ഒമാരുടെ യോഗത്തിലായിരുന്നു കളക്ടറുടെ പ്രതികരണം.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. തിരഞ്ഞെടുപ്പിന് മുമ്പുള്ള 48 മണിക്കൂർ നിതാന്ത ജാഗ്രതയുണ്ടാവണം. ചട്ടലംഘനങ്ങൾ കണ്ടെത്തുന്ന സമയത്ത് തന്നെ തുടർനടപടികളും സ്വീകരിക്കണം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള കർശന നടപടി സ്വീകരിക്കണം. വോട്ടിംഗ് മെഷീനുകളെല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിന് അധിക മെഷീനുകൾ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ടെന്ന് കളക്ടർ വൃക്തമാക്കി.