കൊല്ലം: ജില്ലയിലെ 150 ഓളം ഹയർ സെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകർ 10 മാസം ജോലി​ ചെയ്തി​ട്ടും 10 രൂപ പോലും ശമ്പളം കി​ട്ടി​യിട്ടി​​ല്ല!

സർക്കാരിനെ വിശ്വസിച്ച് സ്വകാര്യ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും ജോലി ഉപേക്ഷിച്ച് ഗസ്റ്റ് അദ്ധ്യാപകരായ ഇവർക്ക് വണ്ടിക്കൂലിക്ക് പോലും വഴിയില്ലാത്ത അവസ്ഥയാണ്.

സ്ഥിരം അദ്ധ്യാപകരുടെ വിരമിക്കൽ ഒഴിവ്, പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയ്ക്കൽ, സ്ഥിരം തസ്തിക സൃഷ്ടിക്കപ്പെടാത്ത സ്കൂളുകൾ എന്നിവിടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ലഭി​ച്ചവരാണ് നരകി​ക്കുന്നത്. ജൂൺ ഒന്ന് മുതൽ ഫെബ്രുവരി 28 വരെയാണ് ഇവരെ നിയമിച്ചിരുന്നത്. 1455 രൂപയായിരുന്നു ദിവസ വേതനം. പത്ത് മാസത്തെ വേതനമായി ഏകദേശം മൂന്നര ലക്ഷത്തോളം രൂപയാണ് കിട്ടാനുള്ളത്. ഇക്കൂട്ടത്തിൽ സർക്കാർ സ്കൂളുകളിലെ ഗസ്റ്റ് അദ്ധ്യാപകർക്ക് മാത്രം ഒരുമാസത്തെ വേതനം നൽകിയിരുന്നു.

താത്കാലിക നിയമനങ്ങളുടെ അംഗീകാരത്തിനുള്ള പട്ടിക എല്ലാ സ്കൂളുകളിൽ നിന്നും ഹയർ സെക്കൻഡറി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് ജൂൺ 15ന് കൈമാറിയിരുന്നു. അദ്ധ്യാപകർ ഓഫീസ് കയറിയിറങ്ങുമ്പോൾ ഓണം കഴിയട്ടെ, ക്രിസ്മസ് കഴിയട്ടെ എന്നൊക്കെയുള്ള അവധികൾ പറഞ്ഞ് മാറ്റിവച്ചു, ഇവരിൽ പലരും കടം വാങ്ങിയാണ് വീട്ടുചെലവുകൾ നടത്തുന്നത്. സംസ്ഥാനത്താകെ 1200 ഓളം ഗസ്റ്റ് അദ്ധ്യാപകർക്കാണ് വേതനം ലഭിക്കാനുള്ളത്.