 
പത്തനാപുരം: ആരോരും സംരക്ഷിക്കാനില്ലാതെ കടമുറിയിൽ അവശനായി കഴിഞ്ഞിരുന്ന വൃദ്ധനെ ഗാന്ധിഭവൻ ഏറ്റെടുത്തു. തലവൂർ ഞാറയ്ക്കാട് സ്വദേശി മുരളീധരൻപിള്ള(73)യ്ക്കാണ് ഗാന്ധിഭവൻ തുണയായത്.
വെരിക്കോസ് വെയിൻ മൂർച്ഛിച്ച് കാലുകൾ പൊട്ടിയൊലിച്ച അവസ്ഥയിലാണ്. നടക്കാൻ പ്രയാസമുണ്ട്. അവിവാഹിതനായ മുരളീധരൻപിള്ളയെ സഹോദരിയുടെ മകനായിരുന്നു സംരക്ഷിച്ചിരുന്നത്.
മതിയായ ആഹാരവും ചികിത്സയും ലഭിക്കാതെ ക്ഷീണിതനായി കടമുറിയിൽ കഴിഞ്ഞുകൂടിയ മുരളീധരൻപിള്ളയുടെ ദുരവസ്ഥ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ അറിയിക്കുകയായിരുന്നു.
ബ്ലോക്ക് പ്രസിഡന്റിന്റെയും വാർഡ് മെമ്പർ സുധ അനിലിന്റെയും സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ജനറൽ മാനേജർ വി.സി. സുരേഷിന്റെ നേതൃത്വത്തിൽ സേവനപ്രവർത്തകരും സ്ഥലത്തെത്തി മുരളീധരൻപിള്ളയെ ഏറ്റെടുക്കയും വിദഗ്ദ്ധ ചികിത്സയ്ക്കായി പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.