
കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ പ്രചാരണത്തിനെത്തിയ, ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ആയിരുന്നു ഇന്നലെ ജില്ലയിലെ താരം. ജയ് വിളിച്ചും പൊന്നാട അണിയിച്ചും ജില്ലാ നേതാക്കളും പ്രവർത്തകരും അണ്ണാമലൈയെ സ്വീകരിച്ചു. പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ച തുറന്ന വാഹനത്തിലേക്ക് ജി.കൃഷ്ണകുമാറിനൊപ്പം അണ്ണാമലൈയും കയറിയതോടെ റോഡ് ഷോയ്ക്ക് തുടക്കമായി. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അകമ്പടി സേവിച്ചു.
പലേടത്തും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു. കനത്ത ചൂടുപോലും വകവയ്ക്കാതെയാണ് അണ്ണാമലൈയെ കണ്ട് അഭിവാദ്യം അർപ്പിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം കാത്തു നിന്നത്. കൊല്ലത്തിന് വണക്കം പറഞ്ഞും തനിക്കരിലേക്ക് എത്തിയവരോട് സ്നേഹസംഭാഷണം നടത്തിയുമായിരുന്നു കർണടക പൊലീസിലെ പഴയ 'ഐ.പി.എസ് സിങ്കം' റോഡ് ഷോയിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ചിന്നക്കട ബസ് ബേയിലെ ജനസാഗരത്തിലേക്കാണ് റോഡ് ഷോ വന്നു നിന്നത്. തുടർന്ന് ഹ്രസ്വമായ പ്രസംഗം. കൃഷ്ണകുമാറിനെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ, സ്നേഹത്തിന് നന്ദി പറഞ്ഞായിരുന്നു മടക്കം.
കഴിഞ്ഞ ദിവസം കുണ്ടറ മുളവനയിൽ പ്രചരണത്തിനിടെ കണ്ണിനുണ്ടായ പരിക്കു വകവയ്ക്കാതെയാണ് സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ് ഷോയിൽ പങ്കെടുത്തത്. പരിക്കല്ല പ്രചാരണമാണ് പ്രധാനമെന്ന് കൃഷ്ണകുമാർ പറഞ്ഞു. പരിക്ക് അവഗണിച്ചെത്തിയ സ്ഥാനാർത്ഥിയെ അണ്ണാമലൈ അഭിനന്ദിച്ചു.
ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സംസ്ഥാന സമിതിയംഗം എ.ജി. ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ. സുരേന്ദ്രനാഥ്, ശശികല റാവു, സെക്രട്ടറിമാരായ മോൻസ ദാസ്, കൃപാവിനോദ്, പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി ആർ.കെ. രാധാക്യഷ്ണൻ, കേരളാ കോൺഗ്രസ് സെക്കുലർ ഭാരവാഹി കല്ലട ദാസ്, മണ്ഡലം പ്രസിഡന്റുമാരായ ടി.ആർ. അഭിലാഷ്, സാംരാജ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പപ്പാടി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സന്തോഷ് മാമ്പുഴ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ, മീഡിയ കൺവീനർ പ്രതിലാൽ, സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.