കൊല്ലം:ചവറ കൊറ്റംകുളങ്ങരയിൽ ചാനൽ ചർച്ചക്കിടെ സംഘർഷത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. ഏതാനും പേർ നിരീക്ഷണത്തിലാണെന്നും അന്വേഷണം നടക്കുകയാണെന്നും ചവറ പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 8 ഓടെയാണ് സംഭവം. കൊറ്റംകുളങ്ങര ക്ഷേത്രം മൈതാനത്ത് നടന്ന സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് ചർച്ചക്കിടെ എൽ.ഡി.വൈ.എഫ് പ്രവർത്തകരും ആർ.വൈ.എഫ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ നാല് ആർ.വൈ.എഫ് പ്രവർത്തകർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
എൽ.ഡി.വൈ.എഫ് പ്രവർത്തകർ ഉപയോഗിച്ച ഡി.ജെ വാഹനം പൊലീസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണോ വാഹനം ഇറക്കിയതെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ചർച്ചയ്ക്കിടെ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഇതിനിടയിലേക്ക് എൽ.ഡി.വൈ.എഫ് പ്രവർത്തകർ റോഡ് ഷോയ്ക്ക് ഉപയോഗിച്ച ഡി.ജെ. വാഹനം ഇടിച്ചകയറ്റുകയുമായിരുന്നു. തുടർന്നാണ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.
'സംഘർഷം ആസൂത്രിതം'
ചർച്ച നടന്ന സ്ഥലത്തേക്ക് ഇരച്ചുകയറി ആർ.വൈ.എഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സംഘർഷത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. പരാജയ ഭീതിപൂണ്ട സി.പി.എം കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ അക്രമം അഴിച്ചു വിട്ട് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.