കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദി​ച്ച, കോൺഗ്രസിന്റെ വലിയൊരു നേതാവി​ന് സമനില തെറ്റിയെന്നാണ് തോന്നുന്നതെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ഐക്യവേദി കൊല്ലത്ത് സംഘടിപ്പിച്ച തൊഴിലാളി പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളാൽ തി​രഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിനെ ഭരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. ഇത് നാളെ കേരളത്തിലുൾപ്പെടെ സംഭവിക്കാം. മോദി സർക്കാർ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുത്തകകളാണ് മോദിസർക്കാരിന്റെ കാലത്ത് തടിച്ചുകൊഴുത്തത്. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ല. വോട്ട് ചെയ്യുന്നത് മോദിസർക്കാരിന് എതിരെ മാത്രമല്ല, ക്രിമിനൽ നയങ്ങൾക്ക് കുടപിടിച്ചവർക്കും എതിരെയാവണമെന്ന് അദ്ദേഹം പറഞ്ഞു.

എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ സ്വാഗതംപറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് സംസാരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, പി. രാജേന്ദ്രൻ, കെ. വരദരാജൻ, ബി. തുളസീധരക്കുറുപ്പ്, നെടുവത്തൂർ സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.