കൊല്ലം: രാജ്യത്തി​ന്റെ ഭരണഘടന പത്തുവർഷത്തെ ഭരണം കൊണ്ട് ബി.ജെ.പി ദുർബലപ്പെടുത്തി​യെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നീതിന്യായ വ്യവസ്ഥ പോലും ഇക്കാലയളവിൽ ദുർബലമാക്കപ്പെട്ടു. അഴിമതി നിറുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായി​. പാർലമെന്റിൽ പ്രതികരിക്കുന്നവരെ പുറത്താക്കുന്നു. ഇ.ഡിയെയും സി.ബി.ഐയെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ ബില്ലുകൾക്കും നിയനങ്ങൾക്കും എതിരെ പ്രതികരിക്കുന്നത് ഇടതു എംപിമാർ മാത്രമാണ്.എന്നാൽ ഈ സമയത്തെല്ലാം മൗനം പാലിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്വന്തം പാർട്ടിയിൽ നിന്നു ബി.ജെ.പിയിലേക്ക് ആളുകൾ ഒഴുകുന്നത് തടയാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അവരാണ് ബി.ജെ.പിയെ നേരിടുമെന്ന് പറയുന്നത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്നത് അപക്വമായ പ്രതികരണങ്ങളാണെന്നും സുഭാഷിണി അലി പറഞ്ഞു. .പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ചിന്ത ജെറോം, സുജ ചന്ദ്രബാബു, യു.പവിത്ര എന്നിവർ പങ്കെടുത്തു.