 റോഡിലൂടെ നടന്ന് കാൽനടയാത്രക്കാർ

കൊല്ലം: കൊല്ലം പ്രസ് ക്ലബിന് മുന്നിലെ നടപ്പാത നെറ്റ് കെട്ടി മറച്ചിരിക്കുന്നതിനാൽ ദുരിതത്തിലായി കാൽ നടയാത്രക്കാർ. നടപ്പാതയോട് ചേർന്നുള്ള മതിൽ ചിത്രംവരച്ച് ഭംഗിയാക്കുന്നതിനായാണ് മാസങ്ങൾക്ക് മുമ്പ് മതിലും നടപ്പാതയുമടക്കം കെട്ടി മറച്ചത്. നടപ്പാതയിൽ പ്രവേശിക്കാൻ കഴിയാതായതോടെ പ്രസ് ക്ലബിന് മുൻവശം മുതൽ ചിന്നക്കട മുൻസിപ്പൽ കോംപ്ലക്‌സിന് മുന്നിൽ വരെ പോകണമെങ്കിൽ കാൽനടയാത്രികർക്ക് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങളുടെ വേഗത അപകടങ്ങളുണ്ടാക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.

പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കം ജീവൻ പണയം വച്ചാണ് ഇത് വഴി നടന്ന് പോകുന്നത്. വൺവേ തെറ്റിച്ച് വരുന്ന ഓട്ടോറിക്ഷകളും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ചിന്നക്കട റൗണ്ടിൽ നിന്ന് മുൻസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്നവരും റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മുൻസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്നവരുമാണ് പ്രധാനമായും പ്രസ് ക്ലബിന് മുന്നിലൂടെയുള്ള നടപ്പാത ഉപയോഗിക്കുന്നത്. ഈ ഭാഗത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് യാത്രക്കാർ ബസ് സ്‌റ്റോപ്പിലെത്തുന്നത്.

തുറക്കാത്തത് ചിത്രംവര

പൂർത്തിയാകാത്തതിനാൽ

കോർപ്പറേഷന്റെ അധീനതയിലുള്ള നടപ്പാത ചിത്രം വരയ്ക്കായി അടച്ചിട്ട് മൂന്ന് മാസമായി.

ചിത്രം വരയ്ക്കാൻ ചുമതലപ്പെടുത്തിയ ആൾ ഇത് വരെയും വര പൂർത്തിയാക്കാത്തതാണ് നടപ്പാത കെട്ടി മറച്ചിരിക്കുന്നത് മാറ്റാൻ വൈകുന്നതെന്നാണ് കോർപ്പറേഷൻ അധികൃതർ നൽകുന്ന വിശദീകരണം.

നടപ്പാത കെട്ടിമറച്ചിരിക്കുന്നതിനാൽ ഇതിനുള്ളിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ജീവൻ പണയം വച്ച് റോഡിന് വശത്തൂടെ സഞ്ചരിക്കേണ്ടി വരുന്നതിൽ യാത്രക്കാർക്കും പ്രതിഷേധമുണ്ട്. എത്രയും വേഗം നടപ്പാതയിലെ തടസങ്ങൾ മാറ്റി തുറന്ന് നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.