കൊല്ലം: ജില്ലയിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് ജില്ലയിലെത്തും. വൈകിട്ട് മൂന്നിന് എൻ.കെ. പ്രേമചന്ദ്രന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും പ്രചരണാർത്ഥം ശാസ്താംകോട്ട സിനിമാപ്പറമ്പിലെ വേദിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

199 ബൂത്തിൽ നിന്ന് 10,000ലേറെ പ്രവർത്തകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുതുപിലാക്കാട് സ്വകാര്യ കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധി റോഡ് മാർഗം ഭരണിക്കാവ് ബൈപ്പാസ് വഴി വേദിയിലെത്തും. എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോൺ, എം.എൽ.എമാരായ സി.ആർ. മഹേഷ്, പി.സി വിഷ്ണുനാഥ് തുടങ്ങിയവർ സംസാരി​ക്കും.

ഭരണിക്കാവ് -വണ്ടിപ്പെരിയാർ ദേശീയപാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ 10 ഓളം കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വൃക്തമാക്കി.